'മതം മാറ്റക്കാരനാക്കി, ക്രിക്കറ്റ് ക്ലബിൽ നിന്ന് പുറത്താക്കി'; ഒടുവിൽ അച്ഛനെ ചേർത്ത് പിടിച്ച് ജെമീമ

കഴിഞ്ഞ വർഷമായിരുന്നു ജെമീമയുടെ മുംബൈ ജിംഖാന ക്ലബ് അംഗത്വം റദ്ദാക്കിയത്

Update: 2025-10-31 05:21 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു വ്യാഴാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. വനിതാ ലോകകപ്പിൽ പരാജയം എന്തെന്നറിയാത്ത കരുത്തരായ ആസ്ത്രേലിയ ഉയർത്തിയ 338 എന്ന വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കി നിൽക്കെയാണ് ആതിഥേയരായ ഇന്ത്യ മറികടന്നത്. 134 പന്തിൽ 14 ബൗണ്ടറികളോടെ 127 റൺസ് നേടിയ ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

എന്നാൽ മത്സര ശേഷമുള്ള ജെമീമയുടെ വാക്കുകൾ ഇന്ന് സോഷ്യൽ മീഡയയിൽ ചർച്ചയായിരിക്കുകയാണ്. വിജയത്തിന് ശേഷം പിതാവിനെ കെട്ടിപ്പിടിച്ച് ജെമീമ പൊട്ടിക്കരഞ്ഞു. ടൂർണമെന്റിലുടനീളമുണ്ടായ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും ജമീമ തുറന്ന് പറഞ്ഞു.

Advertising
Advertising

'പ്രയാസകരമായ ഈ സമയങ്ങളിൽ വിശ്വാസമാണ് കരുത്ത് നൽകിയത്. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ ബൈബിളിൽ നിന്നുള്ള വചനങ്ങൾ ആവർത്തിച്ച് പറ‍ഞ്ഞു. കളിക്കുമ്പോൾ ഞാനൊറ്റക്കായിരുന്നില്ല. യേശു എന്നോടൊപ്പമുണ്ടായിരുന്നു. അവനാണ് എന്നിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ചത്. ഈ ടൂറിലുടനീളം ഞാൻ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല, ഉത്കണ്ഠയുണ്ടായി. തളർന്നുപോയപ്പോൾ സഹതാരങ്ങൾ നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി. പിതാവിനും പരിശീലകനും ദൈവത്തിനും നന്ദി' എന്ന് നിറ കണ്ണുകളോടെ ജെമീമ പറഞ്ഞു.

കഴിഞ്ഞ വർഷമായിരുന്നു ജെമീമയുടെ മുംബൈ ജിംഖാന ക്ലബ് അംഗത്വം റദ്ദാക്കിയത്. ജെമീമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് മതപരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ക്ലബ്ബിനെ ഉപയോഗിച്ചു എന്ന് ക്ലബ്ബ് അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു നടപടി. ക്ലബ്ബിൻ്റെ ഭരണഘടന മതപരമായ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ ഇവാൻ മതപരമായ പരിപാടികൾ നടത്താൻ ക്ലബ്ബ് പരിസരം ഉപയോഗിക്കുകയും ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ആരോപണം. 2023-ലാണ് ജെമീമയ്ക്ക് ഖാർ ജിംഖാന ക്ലബ്ബിൽ മൂന്ന് വർഷത്തെ ഓണററി അംഗത്വം ലഭിച്ചത്.

ബ്രദർ മാനുവൽ മിനിസ്ട്രീസ് എന്ന സംഘടനയുമായി ബന്ധമുള്ള ഇവാൻ റോഡ്രിഗസ് ഒന്നര വർഷത്തിനിടെ നിരവധി പരിപാടികൾക്കായി ക്ലബ്ബിൻ്റെ പ്രസിഡൻഷ്യൽ ഹാൾ ബുക്ക് ചെയ്തതായി കണ്ടെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. ഈ കാലയളവിൽ 35 മതപരമായ സമ്മേളനങ്ങൾ ഈ ഹാളിൽവച്ച് നടന്നു. തുടർന്നാണ് 2024 ഒക്ടോബർ 20ന് നടന്ന പൊതുയോഗത്തിൽ ക്ലബ്ബ് അംഗങ്ങൾ പ്രമേയം പാസാക്കി ജെമീമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കിയത്. എന്നാൽ ക്ലബിന്റെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് ഇവാൻ വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത പുറത്തുവന്നതോടെ ജെമിമ റോഡ്രിഗസിനെതിരെ സമൂഹമാധ്യമങ്ങളിലും സംഘ്പരിവാർ ഹാൻഡിലുകളിലും കടുത്ത സൈബർ ആക്രമണവും ട്രോളിങും ഉണ്ടായി. എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഇന്നിംഗ്സിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ച ശേഷം സോഷ്യൽ മീഡിയയിൽ താരത്തെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരന്തരം പരിഹസിക്കപ്പെടുകയും വിശ്വാസത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട് ജെമീമ. എന്നാൽ മുന്‍പ് ട്രോളിയതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞവര്‍ സെഞ്ചറിയുടെ പേരില്‍ ജെമീമയെ വാനോളം പുകഴ്ത്തുകയാണ്. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News