മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും മിന്നൽ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായി. പത്ത് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയോടെ മഴയുടെ ശക്തി വർദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡ്-റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
കർജാത്-ലോണാവാല ബോർഘട്ട് സെക്ഷനിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്നാണ് മുംബൈ-പൂനെ റെയിൽ സർവീസുകൾ തിങ്കളാഴ്ച പുലർച്ചെയോടെ നിർത്തിവെച്ചത്. സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന താക്കൂർവാടിക്ക് സമീപവും, ഖണ്ടാലയ്ക്കും മങ്കി ഹില്ലിനും ഇടയിലുള്ള മിഡിൽ ലൈനിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഈ റൂട്ടിലെ മൂന്ന് റെയിൽവേ ലൈനുകളെയും മണ്ണിടിച്ചിൽ ബാധിച്ചതോടെ നിരവധി ദീർഘദൂര ട്രെയിനുകൾ റദ്ദാക്കുകയോ, വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
സിഎസ്.എം.ടി-പുണെ ഇന്ദ്രായണി എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ്, ഡെക്കാൻ എക്സ്പ്രസ്, ഡെക്കാൻ ക്വീൻ, പ്രഗതി എക്സ്പ്രസ്, ധൂലെ എക്സ്പ്രസ് എന്നിവ റദ്ദാക്കിയ സർവീസുകളിൽ ഉൾപ്പെടുന്നു. കൂടാതെ നിരവധി ട്രെയിനുകൾ സർവീസുകളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ഖോപോലി-കുസ്ഗാവ് 'മിസ്സിംഗ് ലിങ്ക്' പാതയിലെ ടണൽ 2ന്റെ എക്സിറ്റിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതവും സ്തംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി പുണെയിൽ നിന്ന് മുംബൈയിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
മഴ കനത്ത സാഹചര്യത്തിൽ മുംബൈ, പുനെ, താനെ, പാൽഘഢ് ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) റെഡ് അലർട്ട് മുന്നറിയിപ്പിനെ തുടർന്ന് മുംബൈ സർവകലാശാല ജൂലൈ 6ന്(ഇന്ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.