ബലാത്സംഗക്കേസ്; ഫാം ഹൗസിൽ ഒളിപ്പിച്ച സാരി പ്രജ്വൽ രേവണ്ണക്ക് കുരുക്കായത് ഇങ്ങനെ?
ബലാത്സംഗത്തിന് ശേഷം പ്രജ്വൽ ജോലിക്കാരിയുടെ സാരി വാങ്ങി ഒളിപ്പിക്കുകയായിരുന്നു
ബംഗളൂരു: ബലാത്സംഗക്കേസിൽ ഒരു സാരിയാണ് ജെഡി(എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ വിധി നിര്‍ണയിച്ചത്. ഇദ്ദേഹത്തിന്‍റെ ഫാം ഹൗസിന്‍റെ മേൽക്കൂരയിൽ ഒളിപ്പിച്ചു വച്ചിരുന്ന സാരി കേസിൽ വഴിത്തിരിവാകുകയായിരുന്നു. മൈസൂരുവിൽ 47കാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും പീഡന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതിന് കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും വിധിച്ചത്. അതിജീവിതക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ബലാത്സംഗത്തിന് ശേഷം പ്രജ്വൽ ജോലിക്കാരിയുടെ സാരി വാങ്ങി ഒളിപ്പിക്കുകയായിരുന്നു. ജോലിക്കാരി പരാതി നൽകിയാൽ തെളിവുകൾ ലഭിക്കാതെ കേസ് തള്ളിപ്പോകുമെന്നായിരുന്നു പ്രജ്വൽ കരുതിയിരുന്നത്. ഫാം ഹൗസിലെ മച്ചിന് മുകളിൽ ആയിരുന്നു സാരി ഒളിപ്പിച്ചിരുന്നത്. തിരക്കുകൾക്കിടയിൽ സാരി നശിപ്പിക്കാനുള്ള കാര്യം മറന്നുപോവുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി ജോലിക്കാരിയുമായി പൊലീസ് ഫാം ഹൗസിലും എത്തിയിരുന്നു. സംഭവം നടക്കുമ്പോൾ എന്ത് ഡ്രസണ് ധരിച്ചിരുന്നതെന്ന് അന്വേഷണ സംഘം ചോദിച്ചപ്പോൾ സാരിയാണെന്നായിരുന്നു മറുപടി. അതിക്രമത്തിന് ശേഷം പ്രജ്വൽ അത് തിരികെ നൽകിയില്ല എന്ന് പറയുകയും ചെയ്തു. അതോടെ ഫാം ഹൗസ് മുഴുവൻ തിരച്ചിൽ നടത്തിയപ്പോൾ മച്ചിൻ മുകളിൽ നിന്നും പൊടിപിടിച്ചുകിടന്ന സാരി കണ്ടെടുത്തുകയായിരുന്നു. സാരി തന്റേതാണെന്ന് ജോലിക്കാരി തിരിച്ചറിഞ്ഞതോടെ സാരി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
പരിശോധനയിൽ അതിൽ പുരുഷ ബീജത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ അത് പ്രജ്വലിന്റേതാണെന്ന് ഉറപ്പിക്കുകയും ചെയ്തു.വിചാരണവേളയിൽ പ്രജ്വലിനെതിരെയുള്ള ഏറ്റവും പ്രധാന തെളിവായി മാറിയതും ഇതായിരുന്നു.
നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിൽ 2024 മേയ് 31നാണ് പ്രജ്വലിനെ അറസ്റ്റ് ചെയ്യുന്നത്. ഏപ്രിൽ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വൽ രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകൻ കൂടിയായ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകൾ.
പ്രജ്വല്‍ സഹോദരന്‍ സൂരജിന്‍റെ ഫാംഹൗസിലെ ജോലിക്കാരിയെയും ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളും അതിനിടെ പുറത്തുവന്നിരുന്നു. 2021ലാണ് കൃത്യം നടന്നത്. തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല്‍ പീഡിപ്പിച്ചത്.