കോണ്‍ഗ്രസില്ലെങ്കില്‍ ഇന്ത്യയില്ല; രാജ്യം രക്ഷപ്പെടില്ല: കനയ്യ കുമാര്‍: കനയ്യ കുമാര്‍

ഏറ്റവും പാരമ്പര്യമുള്ള ജനാധിപത്യ പാര്‍ട്ടിയായതുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേരുന്നത്-കനയ്യ

Update: 2021-09-28 13:11 GMT
Editor : Shaheer | By : Web Desk

കോണ്‍ഗ്രസില്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്ന് കനയ്യ കുമാര്‍. അംഗത്വമെടുത്ത ശേഷം എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു കനയ്യ. കോണ്‍ഗ്രസില്ലാതെ ഇന്ത്യയില്ല. കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാകില്ല. രാജ്യം രക്ഷപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും കനയ്യ വ്യക്തമാക്കി.

''ഈ രാജ്യത്ത് ചില കൂട്ടരുണ്ട്. ചില ചിന്താധാരകളുണ്ട്. രാജ്യത്തിന്റെ ചിന്താപാരമ്പര്യവും സംസ്കാരവും മൂല്യങ്ങളും ചരിത്രവും വര്‍ത്തമാനവും ഭാവിയുമെല്ലാം തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അവര്‍. മഹാത്മാഗാന്ധിയുടെ ഐക്യഭാവനയാണ് രാജ്യത്തിനു വേണ്ടത്. രഘുപതി രാഘവ രാജാറാം, പതിത പാവന സീതാറാം, ഈശ്വര്‍ അല്ലാഹ് തേരേ നാം, സബ്കോ സന്മതി ദേ ഭഗവാന്‍ എന്നായിരുന്നു ഗാന്ധിജി പാടിനടന്നത്. ഗാന്ധിയുടെ ഏകത്വവും ഭഗത്​ സിങ്ങിന്‍റെ ധീരതയും സാഹസികതയും അംബേദ്​കറുടെ സമത്വഭാവനയുമെല്ലാം സംരക്ഷിക്കപ്പെടണം. അവയാണ് ഇപ്പോള്‍ രാജ്യത്തിനുവേണ്ടത്.''

Advertising
Advertising

''ഈ രാജ്യം രക്ഷപ്പെടണമെങ്കിൽ കോൺഗ്രസ്​ നിലനിൽക്കണമെന്ന്​ ആഗ്രഹിക്കുന്നത്​ കൊണ്ടാണ്​ ഞാൻ ഈ പാർട്ടിയിൽ ചേർന്നത്​. കോൺഗ്രസ്​ ഒരു വലിയ കപ്പലാണ്​. അത്​ അതിജീവിക്കുകയാണെങ്കിൽ​ മറ്റു ചെറിയ പാർട്ടികളും അതിജീവിക്കും. കോൺഗ്രസ്​ എന്നത്​ ഒരു ആശയമാണ്​. ഈ രാജ്യത്തെ ഏറ്റവും പഴയതും ഏറ്റവും ജനാധിപത്യമുള്ളതുമായ പാർട്ടിയാണിത്​. ഞാൻ മാത്രമല്ല, കോൺഗ്രസി​ല്ലാതെ ഈ രാജ്യം അതിജീവിക്കില്ലെന്ന്​ ഒരു പാട്​ പേർ കരുതുന്നു. ഗാന്ധിജിയുടെയും പാരമ്പര്യവുമായും സരോജിനി നായിഡുവിന്റെ ചിന്താധാരയുമായും മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ്. അംബേദ്ക്കര്‍, നെഹ്‌റു, ഭഗത് സിങ്, മൗലാനാ അബുല്‍ കലാം ആസാദ് എന്നിവരുടെയെല്ലാം പാതയിലാണ് കോണ്‍ഗ്രസ് സഞ്ചരിക്കുന്നത്.''

ബിജെപിക്കു മുന്നില്‍ കോണ്‍ഗ്രസല്ലാതെ മറ്റൊരു പാര്‍ട്ടിക്കും പകരം നില്‍ക്കാനാകില്ല. രാജ്യത്ത് ഇപ്പോഴുള്ളത് അടിയന്തര സ്ഥിതിയാണ്. വീട്ടിലിരുന്ന് മിണ്ടാതിരിക്കേണ്ട സമയമല്ലിത്. എല്ലാവരും പുറത്തിറങ്ങി പോരാടേണ്ട ഘട്ടമാണിതെന്ന് ഇതു കേള്‍ക്കുന്ന രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിനുവരുന്ന യുവാക്കളോട് ആവശ്യപ്പെടുകയാണ്. കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തവര്‍ക്കെല്ലാം നന്ദി പറയുകയാണെന്നുകൂടി പറഞ്ഞാണ് കനയ്യ നിര്‍ത്തിയത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News