ഐ ലവ് മുഹമ്മദ് കാമ്പയിന്‍ കേസ്; കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് കോടതി
നദീം ഖാന്‍, ബബ്ലു ഖാന്‍ എന്നിവരുടെ അറസ്റ്റാണ് തടഞ്ഞത്
അലഹബാദ്: ബറേലിയിലെ ഐ ലവ് മുഹമ്മദ് കാമ്പയിനുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കളുടെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി. നദീം ഖാന്‍, ബബ്ലു ഖാന്‍ എന്നിവരുടെ അറസ്റ്റാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ തടഞ്ഞത്. ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് വര്‍മ, റാം മനോഹര്‍ നാരായണ്‍ മിശ്ര എന്നിവരുടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ യുവാക്കളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂവെന്നാണ് കോടതി നിര്‍ദേശം. സെപ്റ്റംബര്‍ 26ന് നടന്ന പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ ഭരദാരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് രണ്ടുപേരുടെയും പേരുള്ളത്. ഐ ലവ് മുഹമ്മദ് എന്നെഴുതിയ പോസ്റ്ററിനെതിരെ പൊലീസ് നടപടിയെടുത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിക്കുന്നത്.
ഐ ലവ് മുഹമ്മദ് ബാനറുകള്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആരംഭിച്ച പൊലീസ് നടപടി പിന്നടീ രാജ്യവ്യാപകമാവുകയായിരുന്നു. കാമ്പയിനുമായി ബന്ധപ്പെട്ട് ഇന്ത്യയിലാകെ 4505 മുസ്‌ലിംകള്‍ക്കെതിരെ കേസെടുത്തെന്നാണ് എപിസിആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ബറേലിയിലെ 89 പേര്‍ ഉള്‍പ്പെടെ 265 മുസ്‌ലിംകളാണ് ഒക്ടോബര്‍ ഏഴ വരെയുള്ള കാലയളവില്‍ അറസ്റ്റിലായതെന്നും എപിസിആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസ്‌ലിം പണ്ഡിതനായ മൗലാന തൗഖീര്‍ റാസ ഖാന്‍ നയിച്ച ഐ ലവ് മുഹമ്മദ് പ്രകടനത്തെത്തുടര്‍ന്ന് ബറേലിയില്‍ മുസ് ലികള്‍ക്ക് നേരെ വലിയ രീതിയിലുള്ള പൊലീസ് നടപടിയും ഭരണപരമായ ലക്ഷ്യവും ഉണ്ടായതായി ഒരു വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ആരോപിക്കുന്നു. കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് രണ്ട് മുസ്‌ലിം പുരുഷന്മാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയും എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായാണ് രണ്ട് ഹരജിക്കാരും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
അതേസമയം, ഇതേ സംഭവവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കാന്‍ തുടങ്ങി. പ്രതിഷേധത്തിനിടയിലും അതിനുശേഷവുമുള്ള പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹസ്രത്ത് ഖ്വാജ ഗരീബ് നവാസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് യൂസഫ് അന്‍സാരി അഭിഭാഷകരായ സെഹര്‍ നഖ്‌വി, മുഹമ്മദ് ആരിഫ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്.
സെപ്റ്റംബര്‍ 26ന് നടന്ന സംഭവങ്ങളില്‍ ജില്ലാ ജഡ്ജി റാങ്കിലുള്ള ഒരു ജുഡീഷ്യല്‍ ഓഫീസറെക്കൊണ്ട് അന്വേഷണം നടത്തണമെന്നും, തുടര്‍ന്ന് നടന്ന നിയമവിരുദ്ധമായ ലാത്തി ചാര്‍ജിനും ശിക്ഷാപരമായ പൊളിച്ചുനീക്കലിനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കൂടാതെ, നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ നടത്തുന്ന ഏതൊരു ബുള്‍ഡോസര്‍ പ്രവൃത്തിയും നിര്‍ത്തലാക്കണമെന്നും വീടുകളോ കടകളോ തകര്‍ന്ന ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
തദ്ദേശീയരുടെ ഉപജീവനമാര്‍ഗ്ഗത്തെ ബാധിക്കുന്ന കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നത് അവസാനിപ്പിക്കണമെന്നും നിരപരാധികളായ വ്യക്തികള്‍ക്കെതിരെ കെട്ടിച്ചമച്ച എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്യുന്നത് തടയണമെന്നും ഹരജിയിലെ മറ്റൊരു ആവശ്യമാണ്. അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് വിശദമായ പ്രതികരണങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികളോട് കോടതി നിര്‍ദേശിച്ചു.