മോദിയുടെ മാസ്ക് ടി.വിക്ക് വേണ്ടി; താൻ ധരിക്കുന്നത് അദ്ദേഹത്തിന്റേതിനേക്കാൾ നീളമുള്ളത്: ജയറാം രമേശ്

മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Update: 2022-12-23 12:20 GMT
Advertising

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് കോൺ​ഗ്രസിനെതിരെ ബിജെപി ആക്രമണം കടുപ്പിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ്. മോദി ടി.വിക്ക് വേണ്ടി മാത്രം മാസ്ക് ധരിക്കുന്ന വ്യക്തിയാണെന്ന് ജയറാം രമേശ് വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചു.

"ഇന്നലെ പ്രധാനമന്ത്രി ധരിച്ചിരുന്നതിനേക്കാൾ നീളമുള്ള മാസ്‌ക് ഞാൻ ധരിച്ചിരുന്നു. എന്നാൽ മോദി ടി.വിക്ക് വേണ്ടി മാത്രം മാസ്ക് ധരിക്കുന്ന വ്യക്തിയാണ്"- ജയറാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്ക് കടക്കുന്നതിന് മുമ്പ് റോഡ് തടസപ്പെടുത്താനാണ് നാടകം മുഴുവൻ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

"ഞാൻ ഇന്ന് രാവിലെ മുതൽ മാസ്‌ക് ധരിക്കുന്നു. എനിക്ക് മാസ്‌ക് ഉള്ളതിനാലാണ് ഞാൻ അത് ധരിച്ചത്. ഞങ്ങളുടെ പക്കൽ 250-300 മാസ്‌കുകൾ ഉണ്ടായിരുന്നില്ല. നാളെ മുതൽ എല്ലാവരും മാസ്‌ക് ധരിക്കും"- ജയറാം രമേശ് പറഞ്ഞു.

ചൈനയിൽ കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിപ്പ് കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു.

മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, ഇന്നലെ പാർലമെന്റിൽ മാസ്‌ക് ധരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരോടും ഇതു പിന്തുടരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ, കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ഒരു വിവാഹചടങ്ങിൽ മോദി മാസ്‌കും കോവിഡ് പ്രോട്ടോക്കോളുമില്ലാതെ പങ്കെടുത്തത് ചൂണ്ടിക്കാട്ടി വിമർശനം ഉയർന്നിട്ടുണ്ട്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ അനന്തരവന്റെ വിവാഹ സൽക്കാര ചടങ്ങിലാണ് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാർക്കും പ്രമുഖ ബി.ജെ.പി നേതാക്കൾക്കുമൊപ്പം പങ്കെടുത്തത്.

കൈലാഷിന്റെ സഹോദരൻ വിജയിയുടെ മകൻ മനു വിജയവർഗിയയുടെ വിവാഹ സൽക്കാര ചടങ്ങാണ് കേന്ദ്രമന്ത്രി നരേന്ദ്ര തോമറിന്റെ വസതിയിൽ നടന്നത്. വൻ ജനക്കൂട്ടത്തിനിടയിലേക്കെത്തിയ മോദി നേരെ വേദിയിലെത്തി നവദമ്പതികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ചടങ്ങിൽ ഉടനീളം മാസ്‌കും സാമൂഹിക അകലവും അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വ്യവസായികളുമെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News