നാഗ്പൂർ സംഘർഷം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെങ്കിൽ മുഖ്യന്ത്രി എന്തുകൊണ്ട് അറിഞ്ഞില്ല: സഞ്ജയ് റാവത്ത്
''വിഎച്ച്പിയും ബജ്റംഗ് ദളും പരസ്യമായി ഭീഷണിമുഴക്കിയതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെ? അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് എന്ത് ചെയ്യുകയായിരുന്നു''
മുംബൈ: നാഗ്പൂരിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ അക്രമ പരമ്പരയില്‍ മഹായുതി സർക്കാറിനെതിരെ ഉദ്ധവ് വിഭാഗം ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്.
മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് നാഗ്പൂരിലെ ആക്രമണങ്ങളെന്നാണ് സർക്കാർ പറുന്നത്. അങ്ങനെയെങ്കിൽ ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്തുകൊണ്ട് അറിഞ്ഞില്ലെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
മുഗൾചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ആഹ്വാനവുമായി വിഎച്ച്പിയും ബജ്റംഗ് ദളും എത്തിയതിന് പിന്നാലെയാണ് നാഗ്പൂരിൽ അക്രമം അരങ്ങേറിയത്. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും തീവെക്കുകയും ചെയ്തിരിന്നു.
''അദ്ദേഹം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാളാണ്, ഇക്കാര്യം അറിയാതെ പോയെങ്കില്‍ അതിനർത്ഥം അദ്ദേഹം പൂർണമായും പരാജയപ്പെട്ടു എന്നാണ്. മുൻകൂട്ടി ആസൂത്രണം ചെയ്ത കലാപത്തെക്കുറിച്ച് ഇന്റലിജൻസ് വിവരമില്ലെങ്കില്‍ പിന്നെ എന്തിനാണ് ആഭ്യന്തരമന്ത്രി''- സഞ്ജയ് റാവത്ത് ചോദിച്ചു.
''വിഎച്ച്പിയിലെയും ബജ്റംഗ് ദളിലെയും അംഗങ്ങൾ പരസ്യമായിതന്നെ കുഴപ്പമുണ്ടാക്കുമെന്ന് സൂചന നൽകിക്കൊണ്ടിരുന്നു. അവരുടെ മുഖങ്ങൾ ക്യാമറയിൽ പതിഞ്ഞതുമാണ്. പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഈ പ്രഖ്യാപനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് (ഫഡ്നാവിസ്) അറിയില്ലായിരുന്നോ? അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് വകുപ്പ് എന്തു ചെയ്യുകയായിരുന്നുവെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
ഞങ്ങൾ രണ്ടര വർഷം ഭരിച്ചപ്പോള്‍ ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് ഇപ്പോൾ വർഗീയ കലാപങ്ങൾ ഉണ്ടാകുന്നത്, ഈ സർക്കാരിൽ തന്നെ തെരുവിന്റെ ഭാഷ ഉപയോഗിക്കുന്ന മന്ത്രിമാരുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.