ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതി; ഡി.കെ ശിവകുമാർ

അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2023-06-04 13:14 GMT
Advertising

ബെം​ഗളൂരു: പുതുതായി ഭരണത്തിലേറിയ കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.

ഉപമുഖ്യമന്ത്രി, വിദാന്‍ സൗധ എന്ന അഡ്രസില്‍ തനിക്കൊരു കത്തെഴുതുകയോ എന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്താല്‍ മതി. അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മണ്ഡലമായ കനകപുരയിലെ സാതന്നൂരിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡി.കെ ശിവകുമാര്‍. കർണാടകയിൽ കോൺ​ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ ജൂൺ രണ്ടിനാണ് സിദ്ധരാമയ്യ മന്ത്രിസഭ പാസാക്കിയത്.

ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ​ഗൃഹജ്യോതി പദ്ധതി, കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ​ഗൃഹലക്ഷ്മി പദ്ധതി, എല്ലാ ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കും പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാ​ഗ്യ പദ്ധതി, തൊഴിൽ രഹിതരായ യുവാക്കൾക്ക് മാസം തോറും ധനസഹായം നൽകുന്ന യുവനിധി പദ്ധതി, സർക്കാർ ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി എന്നിവയ്ക്കാണ് മന്ത്രിസഭ അം​ഗീകാരം നൽകിയത്.

Tags:    

Similar News