ബംഗാളിൽ ഞങ്ങൾ ആളുകളെ വിഭജിക്കുകയല്ല, അവരെ ഒന്നിപ്പിക്കുകയാണ്: മമത ബാനർജി

പശ്ചിമ ബംഗാൾ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാത്ത സംസ്ഥാനമാണെന്നും മമത അവകാശപ്പെട്ടു

Update: 2022-12-21 17:25 GMT
Editor : afsal137 | By : Web Desk
Advertising

കൊൽക്കത്ത: ബംഗാളിൽ തങ്ങൾ ആളുകളെ വിഭജിക്കുകയല്ലെന്നും അവരെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർക്ക് സ്ട്രീറ്റിൽ കൊൽക്കത്ത ക്രിസ്മസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ബംഗാൾ മുഖ്യമന്ത്രിയുടെ പരാമർശം. എല്ലാ സമുദായക്കാരും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കണമെന്നും മമത ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാൾ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാത്ത സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ''ബംഗാളിൽ ആളുകൾ വ്യത്യസ്ത മതങ്ങളെ പിന്തുടരുന്നവരാണ്, എന്നാൽ വിവിധ ഉത്സവങ്ങളിൽ ആഘോഷിക്കാൻ അവർ ഒത്തുചേരുന്നു. ബംഗാളിൽ ഞങ്ങൾ ആളുകളെ ഭിന്നിപ്പിക്കുകയല്ല, അവരെ ഒന്നിപ്പിക്കുകയാണ്. എല്ലാ വർഷവും പോലെ, സംസ്ഥാനത്തുടനീളം ക്രിസ്മസ് ആഘോഷിക്കും, നമുക്ക് ഒരുമിച്ച് സംസാരിക്കാം, ഒരുമിച്ച് നടക്കാം, സമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം''-മമത ബാനർജി കൂട്ടിച്ചേർത്തു. ബോ ബാരക്കിലെ ക്രിസ്മസ് ലൈറ്റിംഗും മമത ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ആദ്യമായി ഇത്തരം ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിടുന്നത് തങ്ങളാണെന്നും ബംഗാൾ മുഖ്യമന്ത്രി അവകാശപ്പെട്ടു. അലൻ പാർക്കിൽ ഡിസംബർ 21ന് ആരംഭിച്ച ക്രിസ്മസ് ഫെസ്റ്റിവൽ ഈ വർഷം ഡിസംബർ 30 വരെ തുടരും. പാർക്ക് സ്ട്രീറ്റ് പരിസരം മുഴുവൻ മിന്നുന്ന വിളക്കുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതുവഴി വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് പദ്ധതി. കൂറ്റൻ ക്രിസ്മസ് ട്രീയും സാന്താക്ലോസിന്റെ പ്രതിമയും പാർക്കിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരോൾ, ഗാനമേള, വിവിധ ബാൻഡുകളുടെ സംഗീത പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. മന്ത്രിമാരായ ഫിർഹാദ് ഹക്കിം, ബാബുൽ സുപ്രിയോ, ടിഎംസി രാജ്യസഭാ എംപി ഡെറക് ഒബ്രയാൻ എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News