ബിഹാറിൽ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ ചികിത്സിച്ചതിന് ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് മര്‍ദിച്ചു
ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം
പറ്റ്ന: ബിഹാറിലെ ഗയയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ ചികിത്സിച്ച ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചു. ആളുകൾ നോക്കിനിൽക്കെയാണ് ഡോക്ടറെ ക്രൂരമായി മര്‍ദിച്ചത്. ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഡോ. ജിതേന്ദ്ര യാദവിനെയാണ് മര്‍ദിച്ചത്.
ഗുർപ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുരാങ് ഗ്രാമത്തിലാണ് ജിതേന്ദ്ര യാദവ് താമസിക്കുന്നത്. കൂട്ട ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയുടെ അമ്മയെ ചികിത്സിച്ചതിനാണ് ഒരു കൂട്ടം ഗ്രാമവാസികൾ ഡോക്ടറെ ലക്ഷ്യമിട്ടതെന്ന് കുടുംബം ആരോപിച്ചു. ഡോക്ടറെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട ശേഷം ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ച് രക്തത്തിൽ കുളിക്കുന്നതുവരെ മര്‍ദിച്ചുവെന്ന് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. ഡോക്ടര്‍ തന്നെ ചികിത്സിക്കാൻ വീട്ടിൽ വന്നിരുന്നുവെന്ന് അതിജീവിതയുടെ അമ്മ വ്യക്തമാക്കി. "2021ൽ ചിലർ എന്‍റെ മകളെ ബലാത്സംഗം ചെയ്തു. ഞങ്ങൾ എല്ലാ പ്രതികളുടെയും പേര് നൽകി ഫത്തേപൂർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. മെയ് 30 ന് ഞങ്ങൾ കോടതിയിൽ മൊഴി നൽകി, ഒരാൾ അറസ്റ്റിലായി, മറ്റുള്ളവർ ഒളിവിലാണ്. ഇതിൽ പ്രകോപിതരായ അവരുടെ കുടുംബങ്ങൾ ഞങ്ങളെ ആക്രമിച്ചു'' അവര്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ച് സ്ത്രീകളും മൂന്ന് പുരുഷൻമാരും അടങ്ങുന്ന സംഘമാണ് തങ്ങളുടെ വീട്ടിലേക്ക് ഇരച്ചുകയറിയതെന്നും അമ്മ പറഞ്ഞു. '' ആദ്യം അവർ എന്‍റെ വൃദ്ധയായ അമ്മയെയും മകളെയും തല്ലിച്ചതച്ചു, പിന്നീട് ഡോക്ടറെ വലിച്ചിഴച്ച് ഒരു മരത്തിൽ കെട്ടിയിട്ട് നിഷ്കരുണം തല്ലിച്ചതച്ചു'' പെൺകുട്ടിയുടെ അമ്മ പറയുന്നു. ഇതുകണ്ട കുടുംബത്തിലെ മറ്റൊരു പെൺകുട്ടി പ്രദേശത്ത് പട്രോളിങ് നടത്തുന്ന പൊലീസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.
ബലാത്സംഗ ആരോപണത്തിന് ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് വസീരാഗഞ്ച് സബ് ഡിവിഷണൽ പോലീസ് ഓഫീസർ സുനിൽ കുമാർ പാണ്ഡെ പറഞ്ഞു. ഭൂമി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നും ഡോക്ടര്‍ ആശുപത്രിയിൽ ചികിത്സയിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ജിതേന്ദ്രയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പേരുള്ള 10 പേർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്, പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്,” മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി എസ്ഡിപിഒ പറഞ്ഞു.
അതേസമയം ആക്രമണത്തിന്‍റെ വീഡിയോ പുറത്തുവന്നത് ബിഹാറിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. "താലിബാനെക്കാൾ മോശമാണ് ബിഹാറിലെ സ്ഥിതി. ഗയ ജില്ലയിൽ, ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയുടെ അമ്മയെ ചികിത്സിക്കാൻ പോയ ഒരു ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് രക്തത്തിൽ കുളിക്കുന്നത് വരെ മർദ്ദിച്ചു." ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. "20 വർഷത്തെ അഴിമതി നിറഞ്ഞ എൻഡിഎ സർക്കാർ കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും നീതി നടപ്പാക്കുന്നതിലും പൂർണമായും പരാജയപ്പെട്ടു, ജനങ്ങൾക്ക് നിയമം കൈയിലെടുക്കാൻ അനുവദിച്ചു. ബിഹാർ അരാജകത്വത്തിലാണ്. മുഖ്യമന്ത്രി അബോധാവസ്ഥയിലാണ്, സർക്കാർ മദ്യപിച്ചിരിക്കുന്നു, ഉദ്യോഗസ്ഥരും മന്ത്രിമാരും ഖജനാവ് കൊള്ളയടിക്കുന്ന തിരക്കിലാണ്, ഭരണം തകർന്നു". തേജസ്വി കൂട്ടിച്ചേര്‍ത്തു.