ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് 'ഇൻഡ്യ' സഖ്യം; ലാലുപ്രസാദ് യാദവിനെ കണ്ട് രാഹുൽ ഗാന്ധി, പ്രതീക്ഷ പങ്കുവെച്ച് നേതാക്കൾ
ഹരിയാന-ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇല്ലാതിരുന്ന സഖ്യമാണ് ബിഹാറിലൂടെ വീണ്ടും വരുന്നത്
പറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ 'ഇൻഡ്യ' സഖ്യം. ഹരിയാന-ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇല്ലാതിരുന്ന സഖ്യമാണ് ബിഹാറിലൂടെ വീണ്ടും വരുന്നത്. ഈ വർഷം അവസാനമാണ് ബിഹാറിൽ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ ദിവസം ബിഹാറിലെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെയും ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും പറ്റ്നയിലെ ലാലുവിൻ്റെ വസതിയിലെത്തി രാഹുല്‍ ഗാന്ധി കണ്ടിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) മേധാവിയുമായ മമത ബാനർജിയെ 'ഇന്‍ഡ്യ സഖ്യത്തിൻ്റെ' നേതാവാക്കാനുള്ള നിർദ്ദേശത്തെ ലാലു പിന്തുണച്ചതിനെത്തുടർന്ന് കോൺഗ്രസും ആർജെഡിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിന് പുറമെ ഏതാനും വിഷയങ്ങളിലും ഇരു പാര്‍ട്ടികളും അത്ര രസത്തിലായിരുന്നില്ല.
ഈ അവസരത്തിലാണ് രാഹുൽ, ലാലുവിന്റെ വീട്ടിലെത്തി സമയം ചെലവഴിച്ചത്. അതേസമയം ബിഹാറിലെത്തിയ രാഹുല്‍ ഗാന്ധിയെ തേജസ്വി കണ്ടെന്നും അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് രാഹുല്‍ ഗാന്ധി വീട്ടിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാലുവിൻ്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയാണ് രാഹുലിന്, ഷാൾ സമ്മാനിച്ചത്.
അതേസമയം കൂടിക്കാഴ്ചയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ആര്‍ജെഡി രംഗത്ത് എത്തി. അനൗപചാരിക കൂടിക്കാഴ്‌ചയായിരുന്നെങ്കിലും ഇരുവശത്തും ധാരാളം സന്തോഷമുണ്ടാക്കുന്നതാണിതെന്ന് ആർജെഡി ദേശീയവക്താവ് സുബോധ് കുമാർ മേത്ത പറഞ്ഞു. കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്തയും സമാന അഭിപ്രായമാണ് പങ്കുവെച്ചത്. സീറ്റ് വിഭജന ചര്‍ച്ചകളിലേക്കൊക്കെ ആത്മവിശ്വാസത്തോടെ പ്രവേശിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും ഈ കൂടിക്കാഴ്ച വഴിയൊരുക്കും.