ബിഹാറിൽ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മഹാസഖ്യം; ഉയർന്ന പോളിങ് ശതമാനത്തിൽ പ്രതീക്ഷ വച്ച് മുന്നണികൾ

20 വർഷമായി തുടരുന്ന നിതീഷ് കുമാർ സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം വോട്ടായി മാറിയിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് മഹാസഖ്യം.

Update: 2025-11-12 02:47 GMT

പട്ന: ബിഹാറിലെ ഉയർന്ന പോളിങ് ശതമാനത്തിൽ പ്രതീക്ഷ വച്ച് മുന്നണികൾ. 20 വർഷത്തിനിടെ ഉയർന്ന പോളിങ് ആണ് രണ്ട് ഘട്ടങ്ങളിലും രേഖപ്പെടുത്തിയത്. എന്നാൽ എൻഡിഎക്ക് ഭരണത്തുടർച്ച പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ തള്ളുകയാണ് മഹാസഖ്യം.

2005ന് ശേഷമുള്ള ഏറ്റവും കൂടിയ പോളിങ് ശതമാനം ഇരു മുന്നണികൾക്കും ആത്മവിശ്വാസം പകരുന്നുണ്ട്. ആറാം തീയതി നടന്ന ആദ്യഘട്ടത്തിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 65.08 ശതമാനമായിരുന്നു പോളിങ്. ഇന്നലെ കഴിഞ്ഞ അവസാന ഘട്ടത്തിൽ 69 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് രേഖപ്പെടുത്തിയത്.

20 വർഷമായി തുടരുന്ന നിതീഷ് കുമാർ സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം വോട്ടായി മാറിയിട്ടുണ്ടെന്ന പ്രതീക്ഷയാണ് മഹാസഖ്യം പുലർത്തുന്നത്. അതേസമയം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം നൽകിയ പദ്ധതി അടക്കമുള്ളവ വോട്ടർമാർ നെഞ്ചിലേറ്റി എന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.

Advertising
Advertising

ഇന്നലെ പുറത്തുവന്ന ഒമ്പത് എക്സിറ്റ് പോളുകളിൽ ഏഴെണ്ണവും എൻഡിഎയ്ക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. പീപ്പിൾസ് പൾസിന്റെ സർവേ പ്രകാരം 133- 159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നും മഹാസഖ്യം 75-101 സീറ്റുകൾ വരെ പിടിക്കുമെന്നുമാണ് പ്രവചനം. എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇൻഡ്യ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും മാട്രിസ് സർവേ പ്രവചിക്കുന്നു.

അതേസമയം, മൈ പോൾ സർവേ മഹാസഖ്യത്തിനാണ് മുൻതൂക്കം നൽകുന്നത്. മഹാസഖ്യം 132- 142 സീറ്റുകൾ നേടുമെന്നും എൻഡിഎ 95-105 സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം. ജെണോ മിറർ 130 മുതൽ 140 സീറ്റുകൾ വരെയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. എൻഡിഎ പരമാവധി 110 സീറ്റുകൾ വരെ നേടുമെന്നാണ് പ്രഖ്യാപനം. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News