ഡൽഹി: മധുരയിലെ തിരുപ്പറംകുണ്ഡ്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കടുത്തുള്ള ദീപത്തൂണില്‍ കാര്‍ത്തികവിളക്കു കൊളുത്തണമെന്ന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഡിഎംകെ. സ്വാമിനാഥനെതിരെ ഇംപീച്ച്‌മെന്‍റ് നടപടികൾ ആവശ്യപ്പെട്ട് ഡിഎംകെ ചൊവ്വാഴ്ച സ്പീക്കർക്ക് 120 പേര്‍ ഒപ്പിട്ട നോട്ടീസ് സമര്‍പ്പിച്ചു.
ജസ്റ്റിസിന്‍റെ ഉത്തരവ് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെയും സുതാര്യതയെയും ചോദ്യം ചെയ്യുന്നുണ്ടെന്നും ഒരു മുതിർന്ന അഭിഭാഷകനും ഒരു പ്രത്യേക സമുദായത്തിലെ അഭിഭാഷകരോടും അനാവശ്യമായ പ്രീതി കാണിച്ചെന്നും മതേതര ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍റെ സ്വാധീനത്തിലാണ് വിധിന്യായങ്ങൾ ഉണ്ടായതെന്നും നോട്ടീസിൽ ആരോപിക്കുന്നു.
രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും അയച്ച കത്തുകളുടെ പകർപ്പുകളും നോട്ടീസിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ''ഇൻഡ്യ മുന്നണി അവരുടെ ഹിന്ദു വിരുദ്ധ യോഗ്യതകൾ ഒരു ബഹുമതി ബാഡ്ജ് പോലെ പ്രദർശിപ്പിക്കുകയാണെന്ന്'' ഇംപീച്ച്‌മെന്‍റ് നീക്കത്തോട് പ്രതികരിച്ചുകൊണ്ട്, മുൻ ബിജെപി തമിഴ്‌നാട് പ്രസിഡന്‍റ് കെ. അണ്ണാമലൈ എക്സിൽ കുറിച്ചു. ജഡ്ജിയെ ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ബിജെപി വക്താവ് നാരായൺ തിരുപ്പതി ആരോപിച്ചു. "ബ്രാഹ്മണ സമുദായത്തിൽ പെട്ടയാളായതിനാൽ ജഡ്ജിയെ ഭീഷണിപ്പെടുത്താൻ വേണ്ടിയാണ് ഡിഎംകെ ഇത് ചെയ്യുന്നത്. ബ്രാഹ്മണ വിരുദ്ധ, ഹിന്ദു വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ടതാണ് ഡിഎംകെ, അതുകൊണ്ടാണ് അവർ ഇത് ചെയ്യുന്നത്," അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന് പ്രമേയം വിജയിക്കാൻ ആവശ്യമായ അംഗബലം ഇല്ലെന്നും തിരുപ്പതി അവകാശപ്പെട്ടു. "അവർക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, അതിനാൽ ഇത് സംഭവിക്കില്ല" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിളക്ക് തെളിയിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹരജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
ഹിന്ദു, മുസ്‍ലിം വിശ്വാസികള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപ്പറംകുണ്ഡ്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കടുത്തുള്ള ദീപത്തൂണില്‍ തൃക്കാര്‍ത്തിക ദിവസം ദീപംതെളിയിക്കാന്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍റെ ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍, പതിറ്റാണ്ടുകളായി ചെയ്യുന്നതുപോലെ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ദീപമണ്ഡപത്തില്‍മാത്രം വിളക്കുകൊളുത്തിയാല്‍ മതിയെന്നായിരുന്നു ക്ഷേത്രം അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും തീരുമാനം.
മലമുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ദീപത്തൂണില്‍ വിളക്കുതെളിയിക്കാനെത്തിയ ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ പൊലീസ് തടയുകയും ചെയ്തു. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.