Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വാഷിംഗ്‌ടൺ: അമേരിക്കയുടെ മെക്സിക്കോ, കാനഡ അതിർത്തികളിൽ ആറ് വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഇന്ത്യൻ കുട്ടികളെ പലപ്പോഴും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നു. മാതാപിതാക്കളുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും അടങ്ങിയ ഒരു കടലാസ് കഷ്ണം മാത്രം കൈവശം വച്ചാണ് ഈ കുട്ടികളെ കണ്ടെത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. 2024 ഒക്ടോബർ മുതൽ 2025 ഫെബ്രുവരി വരെ രക്ഷിതാക്കളില്ലാതെ 77 പ്രായപൂർത്തിയാവാത്ത ഇന്ത്യൻ കുട്ടികളെ യുഎസ് അതിർത്തികളിൽ പിടികൂടിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (യുഎസ്‌സിബിപി)യുടെ ഡാറ്റ കാണിക്കുന്നു. ഈ പ്രവണത നിയമവിരുദ്ധ കുടിയേറ്റത്തിന്റെ സങ്കീർണ്ണമായ ലോകത്ത് പ്രായപൂർത്തിയാകാത്തവർ ഇരകളും ഉപകരണങ്ങളുമായി മാറുന്ന രീതിയിലേക്ക് വിരൽ ചൂണ്ടുന്നു.
പിടിക്കപ്പെട്ട 77 കുട്ടികളിൽ 53 പേരെ മെക്സിക്കോ അതിർത്തിയിൽ നിന്നും 22 പേരെ കാനഡ അതിർത്തിയിൽ നിന്നും പിടികൂടിയതായി ഡാറ്റയിൽ കാണിക്കുന്നു. യുഎസ്‌സിബിപി രേഖകൾ പ്രകാരം 2022നും 2025നും ഇടയിൽ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആകെ 1,656 പ്രായപൂർത്തിയാകാത്ത ഇന്ത്യൻ കുട്ടികളെ പിടികൂടി. 2023ൽ മാത്രം 730 കുട്ടികളെയാണ് ഈ രൂപത്തിൽ പിടികൂടിയത്. ഇങ്ങനെ കുടിയേറുന്നതിൽ അധികവും ഗുജറാത്തി കുടുംബങ്ങളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. നിരവധി ഗുജറാത്തി കുടുംബങ്ങൾ ഈ പാത പിന്തുടർന്നതായി സമ്മതിച്ചിട്ടുണ്ട്. ഗുജറാത്തിലെ മെഹ്‌സാനയിലെ കാഡിയിൽ നിന്നുള്ള ഒരു ദമ്പതികളുടെ അസാധാരണമായ കഥ അനധികൃത കുടിയേറ്റത്തിന്റെ സങ്കീർണതകളിലേക്ക് വെളിച്ചം വീശുന്നു.
അഭിഭാഷകരായ ദമ്പതികൾ 2019-ൽ അവരുടെ രണ്ട് വയസ്സുള്ള മകനെ അനധികൃതമായി അമേരിക്കയിലേക്ക് കയറ്റാൻ ശ്രമിച്ചതിന്റെ വിവരങ്ങൾ പങ്കുവക്കുന്നു. കോവിഡ്-19 മഹാമാരി മൂലം ഗതാഗത സൗകര്യങ്ങൾ തടസപ്പെട്ടതിനാൽ മകനെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. 2022-ൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചപ്പോൾ അഭിഭാഷകൻ തന്റെ അഞ്ച് വയസുള്ള മകനെ അമേരിക്കയിലേക്ക് കൊണ്ടുവരാൻ യുഎസിലേക്ക് യാത്ര ചെയ്യുകയായിരുന്ന തന്റെ കസിനോട് ആവശ്യപ്പെട്ടു. കസിൻ കുട്ടിയെ ടെക്സസിനടുത്തുള്ള അതിർത്തിയിൽ ഉപേക്ഷിച്ചു. അവിടെ ഒരു യുഎസ് സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥൻ കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന പിതാവിന്റെ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ ഒരു കുറിപ്പ് അധികൃതർക്ക് കുടുംബത്തെ കണ്ടെത്താൻ സഹായിച്ചു. ഒരു ഫോൺ കോളിന് ശേഷം കുടുംബം സന്തോഷത്തോടെ വീണ്ടും ഒന്നിച്ചു. കുടുംബത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ജൂലാസൻ, മൊകാസൻ, നർദിപൂർ, ഡിങ്കുച്ച, വാഡു, കൈയാൽ തുടങ്ങിയ ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നാണ് കൂടുതലും യുഎസിലേക്ക് കുടിയേറുന്നത്. ഇത്തരം കുടിയേറ്റത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഗാന്ധിനഗറിൽ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഈ പ്രവണത സ്ഥിരീകരിച്ചു. 'ഇന്ത്യൻ മണ്ണിൽ നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തതിനാൽ പൊലീസിന് അവരെ തടയാൻ കഴിയില്ല. മനുഷ്യക്കടത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ നടപടിയെടുക്കേണ്ടത് യുഎസ് അധികാരികളുടെ ഉത്തരവാദിത്തമാണ്.' ഓഫീസർ പറഞ്ഞു.
'പല കേസുകളിലും ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ഔദ്യോഗികമായി അങ്ങനെ പ്രഖ്യാപിക്കാറില്ല എന്നാൽ ജുവനൈൽ കോടതി വിധികൾക്ക് ശേഷം ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ അവർക്ക് ഗ്രീൻ കാർഡുകൾ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. കുട്ടികൾക്ക് ഗ്രീൻ കാർഡുകൾ ലഭിച്ചുകഴിഞ്ഞാൽ ഇവിടുത്തെ അവരുടെ ബന്ധുക്കൾ ദത്തെടുക്കൽ അപേക്ഷകളുമായി മുന്നോട്ട് പോകുന്നു.' യുഎസ് ആസ്ഥാനമായുള്ള ഒരു സ്രോതസ്സ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ കുടിയേറ്റ നയത്തിലെ സമീപകാല മാറ്റങ്ങൾ കാരണം ഈ പ്രവണത കുറയുമെന്ന് ചില നിരീക്ഷകർ വിശ്വസിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ കർശനമായ സമീപനം അമേരിക്കൻ അതിർത്തികളിൽ അനാഥരായ പ്രായപൂർത്തിയാകാത്തവരുടെ വരവ് തടയാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.