കടം തീർക്കാൻ ഇൻഷുറൻസ് തുക വേണം; പ്രതിമ ദഹിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടാൾ പിടിയിൽ
ഒരു വർഷം നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു തട്ടിപ്പ് ശ്രമം
ന്യുഡൽഹി: മൃതദേഹത്തിന് പകരം പ്രതിമ ദഹിപ്പിച്ച് ഇൻഷുറൻസ് ക്ലെയിം തട്ടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. ഡൽഹി സ്വദേശികളായ കമാൽ സൊമാനി അയാളുടെ സഹായി ആഷിഷ് ഖുറാന എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടാളുകൾ ഓടി രക്ഷപ്പെട്ടു. ഡൽഹി കേന്ദ്രീകരിച്ചുള്ള തുണി വ്യവസായി ആണ് കമാൽ സൊമാനി. ഇയാളുടെ കടം തീർക്കാനായാണ് പ്രതിമ ദഹിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചത്. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം തട്ടാനാണ് ഇവർ പദ്ധതി ഇട്ടിരുന്നത്.
നാലംഗ സംഘം ഹരിയാന രജിസ്‌ട്രേഷൻ കാറിലാണ് ഉത്തർപ്രദേശിലെ ഹപുരിലുള്ള ശ്മശാനത്തിലേക്ക് എത്തിയത്. തുടർന്ന് ശവസംസ്‌ക്കാരത്തിന് ആവശ്യമുള്ള വസ്തുക്കൾ സമീപത്തെ ഒരു കടയിൽ നിന്ന് വാങ്ങി. അതിന് ശേഷം സംസ്‌ക്കാരങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് ഇവർ എത്തി. എന്നാൽ, പെരുമാറ്റത്തിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ട ശ്മശാനത്തിലെ ജീവനക്കാരൻ നിതിൻ ഇവർ കൊണ്ടുവന്ന 'ശവ'ത്തിന്റെ മുകളിലുള്ള തുണി മാറ്റി നോക്കുകയായിരുന്നു. അപ്പോഴാണ് ദഹിപ്പിക്കാനായി പ്രതിമയാണ് ഇവർ കൊണ്ടുവന്നത് എന്ന് മനസ്സിലായത്. ജീവനക്കാരൻ ഉടൻ തന്നെ മുനിസിപ്പൽ അധികൃതരെ അറിയിച്ചു. അധികൃതർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൊലീസും എത്തി. പൊലീസ് വരുന്നതിന് മുമ്പ് രണ്ട് ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കമാൽ സൊഹാനിക്ക് വലിയ ബാധ്യതയുണ്ട്. കടം തീർക്കാൻ ഇൻഷുറൻസ് ക്ലെയിം തട്ടിയെടുക്കാനായി വിപുലമായ പദ്ധതിയാണ് ഇയാൾ ഒരുക്കിയിരുന്നത്.
ചില പേപ്പർ വർക്കുകൾക്ക് എന്ന വ്യാജേന തന്റെ ജീവനക്കാരനായ നീരജിന്റെ സഹോദരൻ അൻഷുലിന്റെ ആധാർ, പാൻ കാർഡുകൾ അയാൾ സ്വന്തമാക്കിരുന്നു. ഒരു വർഷം മുമ്പ് അൻഷുലിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ടാറ്റ എഐഎ ഇൻഷുറൻസ് പോളിസി എടുത്തു. പതിവായി പ്രീമിയവും അടച്ചിരുന്നു. അൻഷുലിനെ ദൂരത്തേക്ക് പറഞ്ഞ് വിട്ടശേഷം പ്രതിമ ദഹിപ്പിച്ച് മരണസർട്ടിഫിക്കറ്റ് നേടിയെടുത്ത് ഇൻഷുറൻസ് തുക തട്ടുക എന്നതായിരുന്നു ഇയാളുടെ പദ്ധതി. ഇവർ പിടിയിലായതോടെ കമാൽ സൊഹാനിയുടെ ഫോണിൽ നിന്ന് അൻഷുലിന് പൊലീസ് വിഡിയോ കോൾ ചെയ്തു. എന്നാൽ പദ്ധതിയെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് അയാൾ പൊലീസിനോട് പറഞ്ഞത്.