എഫ്ബിഐ അന്വേഷിക്കുന്ന മയക്കുമരുന്ന് മാഫിയാ തലവനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്
കൊളംബിയയിൽ നിന്ന് യുഎസിലേക്കും കാനഡയിലേക്കും കൊക്കെയിൻ കടത്തുന്ന സംഘത്തിന്റെ തലവനായ ഷെഹ്നാസ് സിങ് ആണ് പിടിയിലായത്.
ന്യൂഡൽഹി: അന്താരാഷ്ട്ര ലഹരി മാഫിയാ തലവൻ ഷെഹ്നാസ് സിങ് പഞ്ചാബിൽ അറസ്റ്റിൽ. ഷോൺ ഭിന്ദർ എന്നും ഇയാൾ അറിയപ്പെടുന്നുണ്ട്. കൊളംബിയയിൽ നിന്ന് യുഎസിലേക്കും കാനഡയിലേക്കും കൊക്കെയിൻ കടത്തുന്ന സംഘത്തിന്റെ തലവനാണ് ഷെഹ്നാസ് സിങ്.
ഫെബ്രുവരി 26ന് യുഎസിൽ നടന്ന റെയ്ഡിൽ ഷെഹ്നാസ് സിങ്ങിന്റെ കൂട്ടാളികൾ പിടിയിലായിരുന്നു. അമൃത്പാൽ സിങ് ഏലിയാസ് അമൃത്, അമൃത്പാൽ സിങ് ഏലിയാസ് ചീമ, തക്ദീർ സിങ് ഏലിയാസ് റൂമി, സർബ്‌സിത് സിങ് ഏലിയാസ് സബി, ഫെർണാണ്ടോ വല്ലാഡരസ് ഏലിയാസ് ഫ്രാങ്കോ എന്നിവരാണ് പിടിയിലായത്.
ഇവരുടെ വീടുകളിലും മറ്റിടങ്ങളിലും നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന ശേഖരവും ആയുധങ്ങളും യുഎസ് പൊലീസ് പിടിച്ചെടുത്തിരുന്നു. 391 കിലോഗ്രാം മെത്താംഫിറ്റമിൻ, 109 കിലോഗ്രാം കൊക്കെയിൻ എന്നിവയും നാല് തോക്കുകളുമാണ് പിടിച്ചെടുത്തത്.
കൂട്ടാളികൾ പിടിയിലായതോടെ ഷെഹ്നാസ് സിങ് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ് പഞ്ചാബ് പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ലഹരി മാഫിയാ തലവൻ പിടിയിലായത്. മയക്കുമരുന്ന് കടത്തിനോടും ആസൂത്രിത കുറ്റകൃത്യങ്ങളോടും ഒരു വിട്ടുവീഴ്ചയുമില്ല എന്ന സന്ദേശമാണ് സിങ്ങിന്റെ അറസ്റ്റ് നൽകുന്നതെന്ന് പഞ്ചാപ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.