'ഐ ലവ് മുഹമ്മദ്' കാമ്പയിനുമായി ബന്ധപ്പെട്ട സംഘർഷം; ബറേലിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

ദസറ, ദുർഗാപൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം

Update: 2025-10-02 12:26 GMT

Internet Ban | Photo | Live Law

ബറേലി: 'ഐ ലവ് മുഹമ്മദ്' കാമ്പയിനുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിൽക്കുന്ന ഉത്തർപ്രദേശിലെ ബറേലിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഇന്ന് ഉച്ച മുതൽ ശനിയാഴ്ച വൈകിട്ട് മൂന്നുവരെ 48 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്. ദസറ, ദുർഗാപൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ അത് വർഗീയ സംഘർഷത്തിന് വഴിയൊരുക്കും. സമാധാനം നിലനിർത്താൻ വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.

മേഖലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ലോക്കൽ പൊലീസിന് പുറമെ പ്രോവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് എന്നിവരെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ബറേലിയുടെ സമീപമുള്ള ഷാജഹാൻപൂർ, പിലിഭിത്, ബുഡൗൺ ജില്ലകളിലും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകൾ നശിപ്പിച്ചതിനെ തുടർന്ന് മേഖലയിൽ സംഘർഷമുണ്ടായത്. പോസ്റ്ററുകൾ നശിപ്പിച്ചവരെ പിടികൂടുന്നതിന് പകരം അതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ ആയിരുന്നു പൊലീസ് നടപടി. മുസ്‌ലിം പണ്ഡിതനായ തൗഖീർ റാസ ഖാൻ ആടക്കം 81 പേരെ അറസ്റ്റ് ചെയ്ത പൊലീസ് പ്രതികളായവരുടെ വീടുകളും കെട്ടിടങ്ങളും തകർക്കുകയും ചെയ്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News