വോട്ടർപട്ടികയിലെ ക്രമക്കേട്: മഹാരാഷ്ട്ര മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് മുന്നിൽ പ്രതിപക്ഷം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നും പ്രതിപക്ഷം

Update: 2025-10-15 14:19 GMT
Editor : rishad | By : Web Desk

മഹാരാഷ്ട്ര മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുന്നില്‍ ഉദ്ധവ് താക്കറെ Photo-ShivSena x account

മുംബൈ: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് പ്രതിപക്ഷമായ മഹാവികാസ് അഘാഡി(എംവിഎ). തുടർച്ചയായ രണ്ടാം ദിവസമാണ് തെളിവുകൾ നിരത്തി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ പ്രതിപക്ഷം കാണുന്നത്. മഹാരാഷ്ട്രയിലെ വോട്ടർപട്ടികയിൽ വ്യാപകമായ തിരിമറികളാണെന്നും ഇതുമായി തദ്ദേശ തെരഞ്ഞെടുപ്പിനെ സമീപിക്കരുതെന്നുമാണ് പ്രതിപക്ഷം ആവശ്യം. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. നവംബറിലോ ഡിസംബറിലോ ആകും തെരഞ്ഞെടുപ്പ്. അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ നടക്കാനാണ് സാധ്യത.

Advertising
Advertising

അപൂർണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളാണ് വോട്ടര്‍ പട്ടികയിലുള്ളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശരത് പവാര്‍ എന്‍സിപി വിഭാഗം നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു. പല കേസുകളിലും, നൽകിയിരിക്കുന്ന വിലാസങ്ങൾ തെറ്റാണ്. അന്വേഷിച്ചാല്‍ വോട്ടര്‍, അവിടെ താമസിച്ചതായി കാണാനാകില്ല. ഒരു വീട്ടുനമ്പറില്‍ തന്നെ നിരവധി വോട്ടര്‍മാരാണുളളത്.  ഇതിന്റെയൊക്കെ ഉദാഹരണ സഹിതം ഞങ്ങള്‍ കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവസേന ഉദ്ധവ് വിഭാഗം തലവൻ ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ, എൻസിപി (എസ്പി) പ്രസിഡന്റ് ശരദ് പവാർ, മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് എന്നിവരും പ്രതിപക്ഷ സഖ്യത്തോടൊപ്പമുണ്ടായിരുന്നു. അതേസമയം പ്രതിപക്ഷ നീക്കത്തിനെതിരെ ഉപമുഖ്യമന്ത്രി രംഗത്ത് എത്തി. ജയിക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന ശീലം മഹാ വികാസ് അഘാഡിക്കുണ്ടെന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപക്ഷം സംശയനിഴലില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News