ജോലി ഭാരം, വേതനമില്ലാതെ ഓവർടൈം; ബെംഗളൂരുവിൽ തെരുവിലിറങ്ങി ഐടി ജീവനക്കാർ

കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

Update: 2025-03-11 07:29 GMT

ബെംഗളൂരു: അമിത ജോലി ഭാരം, വേതനമില്ലാ​ത്ത ഓവർടൈം തുടങ്ങിയവ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ബെംഗളൂരുവിലെ ഐടി പ്രഫഷനലുകൾ തെരുവിലിറങ്ങി. കഴിഞ്ഞദിവസം ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന്​ പേരാണ്​ പ​ങ്കെടുത്തത്​. ​ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയ​െൻറ (കെഐടിയു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

‘ഞങ്ങൾ നിങ്ങളുടെ അടിമകളല്ല’, ‘ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ ഓരോ ജീവനക്കാരന്റെയും അവകാശമാണ്’ തുടങ്ങിയ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും ചുവന്ന പതാകകളും പിടിച്ചാണ് തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക, വ്യാവസായിക തൊഴിൽ നിയമത്തിൽനിന്ന് ഐടി മേഖലയ്ക്ക് നൽകിയ ഇളവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിച്ചു. ജോലി സമയം കഴിഞ്ഞാൽ തൊഴിലാളികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആസ്​ത്രേലിയ, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നടപ്പാക്കിയ നിയമപരമായ പരിരക്ഷ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു.

Advertising
Advertising

ഔദ്യോഗിക ജോലി സമയത്തിനപ്പുറം ജോലി ചെയ്യേണ്ടതി​െൻറ സമ്മർദ്ദവും ബുദ്ധിമുട്ടുകളും പല തൊഴിലാളികളും വിവരിച്ചു. ‘നമ്മൾ ലോഗ് ഔട്ട് ചെയ്യുമ്പോഴും ജോലി അവസാനിക്കുന്നില്ല. ഇനിയും ജോലി വരുമെന്ന ആശങ്ക എപ്പോഴും ഉണ്ടായിരിക്കും. മണിക്കൂറുകൾക്ക് ശേഷം സന്ദേശങ്ങൾക്ക് മറുപടി നൽകിയില്ലെങ്കിൽ, നിങ്ങൾ നിസ്സഹകരണമോ പ്രതിബദ്ധത കുറഞ്ഞവനോ ആയി കാണപ്പെടാൻ സാധ്യതയുണ്ട്. ഈ നിരന്തരമായ സമ്മർദ്ദം നമ്മുടെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു’ -ഐടി തൊഴിലാളിയും കെഐടിയു അംഗവുമായ അശ്വിൻ പറഞ്ഞു.

മറ്റൊരു യൂണിയൻ അംഗമായ റാം കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ‘ജീവനക്കാർ ഒന്നിച്ചില്ലെങ്കിൽ ഏറ്റവും മികച്ച നിയമങ്ങൾ പോലും നടപ്പാക്കപ്പെടാതെ കിടക്കും’ -അദ്ദേഹം വ്യക്​തമാക്കി.

ഇന്ത്യയിലെ തൊഴിലാളികൾ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ കൂടുതൽ സമയം ജോലി ചെയ്യണമെന്ന് അടുത്തിടെ നിർദ്ദേശിച്ച ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിക്കും എൽ ആൻഡ് ടിയിലെ എസ്എൻ സുബ്രഹ്മണ്യനും പലരും മറുപടി നൽകി. പ്രതിഷേധക്കാർ മൂർത്തിയുടെയും സുബ്രഹ്മണ്യന്റെയും കോലം കത്തിക്കാൻ ശ്രമിച്ചു. എന്നാൽ, ബെംഗളൂരു ​പൊലീസ് ഇത്​ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരും ​പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News