കോവിഡ്: ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റ് മാർച്ചിലേക്ക് മാറ്റി

മാർച്ച് അഞ്ചിനും 14 നും ഇടയിലാകും സാഹിത്യോത്സവം നടക്കുക

Update: 2022-01-09 03:19 GMT
Editor : Lissy P | By : Web Desk
Advertising

കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റ് മാർച്ചിലേക്ക് മാറ്റി. രാജ്യത്തെ തന്നെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നാണ് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റ്. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിൽ ഓൺലൈൻ ലിറ്ററേച്ചർ ഫെസ്റ്റായി നടത്തായിരുന്നു സംഘാടകർ ലക്ഷ്യമിട്ടിരുന്നത്. തുടർന്നാണ് മാർച്ചിലേക്ക് നടത്താൻ തീരുമാനിച്ചത്. മാർച്ച് അഞ്ചിനും 14 നും ഇടയിലാകും ഫെസ്റ്റ് നടക്കുക.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ കൂടി വരവോടെ രോഗികളുടെ എണ്ണം കുത്തനെ വർധിച്ചത് കണക്കിലെടുത്താണ് ഫെസ്റ്റിവൽ തീയതി വീണ്ടും മാറ്റിയതെന്ന് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ  ടീം വർക്ക് ആർട്സിന്റെ മാനേജിംഗ് ഡയറക്ടർ സഞ്ജയ് കെ. റോയ് പറഞ്ഞു. സാഹിത്യോത്സവം ജയ്പൂരിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.  പുസ്തകങ്ങളെയും ആശയങ്ങളെയും കുറിച്ചുള്ള സംഭാഷണങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും ഇത്തവണത്തെ സാഹിത്യോത്സവം. കോവിഡ് കാരണം 2021ൽ ഓൺലൈനായിട്ടായിരുന്നു ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റ് നടത്തിയിരുന്നത്.

2006 ലാണ് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്. എല്ലാ വർഷവും ജനുവരിയിലാണ് നടത്താറുള്ളത്. 100 ആളുകളുമായി തുടങ്ങിയ ലിറ്ററേച്ചർ ഫെസ്റ്റ് 10 ലക്ഷത്തോളം പേർ വരെ പങ്കെടുക്കുന്ന സാഹിത്യമാമാങ്കമായി വളർന്നത് ചുരുങ്ങിയ സമയം കൊണ്ടാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരകണക്കിന് പുസ്തകങ്ങളെയും സാഹിത്യത്തെയും കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും സാഹിത്യോത്സവത്തിന്റെ പ്രധാന ആകർഷണമാണ്. നൊബേൽ സമ്മാനം നേടിയ സാഹിത്യകാരന്മാർ, മറ്റ് ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയവർ, വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ അങ്ങനെ സാഹിത്യോത്സവത്തിൽ അതിഥികളായി എത്തുന്നവർ ഏറെയാണ്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂരിൽ ഈ വർഷം നടക്കുന്ന സാഹിത്യോത്സവത്തെ ആവേശത്തോടെയാണ് സാഹിത്യപ്രേമികൾ കാത്തിരിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News