തലക്ക് പത്ത് ലക്ഷം വിലയിട്ട ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് അഹമ്മദ് മട്ടൂ പിടിയിൽ

ഭീകരരുടെ എ++ പട്ടികയിലാണ് ജാവേദ് അഹമ്മദ് മട്ടൂവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ഏജൻസികളുടെ പട്ടികയിലുള്ള ജീവിച്ചിരിക്കുന്ന പത്ത് ഭീകരരിൽ ഒരാൾ കൂടിയാണ് ഇയാൾ

Update: 2024-01-04 16:12 GMT
Editor : banuisahak | By : Web Desk

ഡൽഹി: ജമ്മു കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി ജാവേദ് അഹമ്മദ് മട്ടൂ ഡൽഹിയിൽ പിടിയിൽ. രാജ്യത്തെ സുരക്ഷാ ഏജൻസികൾ വളരെ കാലവുമായി തേടിക്കൊണ്ടിരുന്ന ഭീകരനാണ് ജീവനോടെ പിടിയിലായിരിക്കുന്നത്. കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മട്ടൂവിനെ അറസ്റ്റ് ചെയ്തത്. 

ജമ്മു കശ്മീരിൽ നടന്ന 11 ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നയാളാണ് ജാവേദ് അഹമ്മദ് മട്ടൂ. ഹിസ്ബുൾ മുജാഹിദ്ദീന്റെ ഭാഗമായി കശ്മീര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ കൂടുതലും. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും മോഷ്ടിച്ച ഒരു കാറും പൊലീസ് കണ്ടെടുത്തു. സുരക്ഷാ ഏജൻസികളുടെ പട്ടികയിലുള്ള ജീവിച്ചിരിക്കുന്ന പത്ത് ഭീകരരിൽ ഒരാൾ കൂടിയാണ് ജാവേദ് മട്ടൂ. 

Advertising
Advertising

ഇയാളുടെ തലക്ക് പത്ത് ലക്ഷം രൂപ വിലയിട്ടിരുന്നു. ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റതിനെ പിന്നാലെ ഒളിവിൽ പോയ മട്ടൂവിനെ കണ്ടെത്താൻ സുരക്ഷാസേന നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഇയാളെ കുറിച്ച് ഒരു തുമ്പും ലഭിച്ചിരുന്നില്ല. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരം നേപ്പാളിലേക്കാണ് മട്ടൂ രക്ഷപെട്ടത്. 

ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കാൻ മട്ടൂ ഡൽഹി-എൻസിആറിൽ എത്തുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഡൽഹി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്ലീപ്പർ സെല്ലുകളെയും ആയുധ വിതരണക്കാരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. പാകിസ്ഥാനിലുള്ള മട്ടൂവിന്റെ സഹായി ആയുധങ്ങൾ ഡൽഹിയിൽ എത്തിക്കുമെന്നും ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്തുമെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. 

സോപോറിലെ താമസക്കാരനാണ് ജാവേദ് മട്ടൂ. ജമ്മു കശ്മീരിൽ നടന്ന അഞ്ച് ഗ്രനേഡ് ആക്രമണങ്ങളിലും വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലും മട്ടൂവിന് പങ്കുണ്ട്. ജമ്മു കാശ്മീരിൽ ജീവിച്ചിരിക്കുന്ന  ഭീകരരിൽ ഒരാളാണ് മട്ടൂ. ഇയാളെ ഭീകരരുടെ എ++ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുളള മട്ടുവിന്റെ അറസ്റ്റ് നിർണായകമാകുമെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News