ജാർഖണ്ഡില്‍ മുൻ ബിജെപി നേതാവ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു; ആസൂത്രിത ഏറ്റുമുട്ടലാണെന്ന് ഭാര്യയും കുടുംബവും

പൊലീസ് സൂര്യ ഹൻസ്ദയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഭാര്യ ആരോപിച്ചു

Update: 2025-08-12 08:04 GMT
Editor : Lissy P | By : Web Desk

ഗോഡ്ഡ:  ജാർഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോർച്ച നേതാവ് സൂര്യ ഹൻസ്ദ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.മുന്‍ ബിജെപി നേതാവ് കൂടിയായ സൂര്യ വിവിധ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ദിയോഘറിൽ നിന്ന് ഗോഡ്ഡയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതേസമയം,പൊലീസിന്‍റേത് ആസൂത്രിതമായ ഏറ്റുമുട്ടലാണെന്ന് ഹൻസ്ദയുടെ ഭാര്യയും അമ്മയും ആരോപിച്ചു.  മൃതദേഹം സ്വീകരിക്കാനും കുടുംബം വിസമ്മതിച്ചു.

കഴിഞ്ഞ മാസം ലാൽമാട്ടിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഹാർപൂർ പ്രദേശത്ത് നടന്ന വെടിവയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് കേസിലാണ് ഹൻസ്ദയെ കസ്റ്റഡിയിലെടുത്തത്. സാഹിബ്ഗഞ്ചിലെ ഒരു ക്രഷർ മില്ലിൽ ട്രക്കുകൾ കത്തിച്ച കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിച്ചു.

Advertising
Advertising

ചോദ്യം ചെയ്യലിൽ ഗോഡ്ഡയിലെ ജിർലി-ധാംനി കുന്നുകളിൽ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് സൂര്യ ഹൻസ്ദ  വെളിപ്പെടുത്തിയതായി ഗോഡ്ഡ എസ്പി മുകേഷ് കുമാർ പറഞ്ഞു. "അവിടേക്ക് കൊണ്ടുപോകുമ്പോൾ, ഒളിച്ചിരുന്ന പ്രതിയുടെ കൂട്ടാളികൾ പൊലീസിന് നേരെ വെടിയുതിർത്തു. ഇതിനിടയില്‍ ഹൻസ്ദ പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ അരമണിക്കൂറോളം നീണ്ടുനിന്നു.  രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൂര്യ ഹൻസ്ദയെ വെടിവക്കുകയായിരുന്നു. മൃതദേഹം  പോസ്റ്റ്‌മോർട്ടത്തിനായി ഗോഡ്ഡ സദർ ആശുപത്രിയിലേക്ക് അയച്ചു," ഗോഡ്ഡ എസ്പി പറഞ്ഞു.  മനുഷ്യാവകാശ കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ ഞങ്ങൾ പാലിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.ഹൻസ്ദയെ അറസ്റ്റ് ചെയ്യാൻ പോയ ഒരു ഡിഎസ്പിയുടെ കൈ ഒടിച്ചെന്നും എസ്പി വ്യക്തമാക്കി.

അതേസമയം,സൂര്യ ഹൻസ്ദ അസുഖബാധിതനായിരുന്നുവെന്നും വെല്ലൂരിൽ ചികിത്സയ്ക്ക് വിധേയനായതായും മാതാവ് പറയുന്നു.'മോഹൻപൂരിലെ നവാദിയിലെ ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന അദ്ദേഹത്തെ സിവില്‍ ഡ്രസിലെത്തിയ പൊലീസുകാര്‍ ബൈക്കിലെത്തി വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണാതായി. എന്തോ കുഴപ്പമുണ്ടെന്ന് അപ്പോഴേ തോന്നിയിരുന്നു..' മാതാവ് ആരോപിച്ചു.

നേരത്തെ, ഒരു വ്യാജ കേസിൽ അറസ്റ്റിലായ സമയത്ത്, പൊലീസ് അദ്ദേഹത്തെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഞങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു,ക്ഷേ ആരും അത് ഗൗരവമായി എടുത്തില്ലെന്ന് ഭാര്യ സുശീല മുർമു ആരോപിച്ചു.എന്താണ് സംഭവിച്ചതെന്ന് പൊലീസ് ഞങ്ങളെ അറിയിച്ചില്ല, മൃതദേഹം കാണാൻ പോലും ഞങ്ങളെ അനുവദിച്ചില്ലെന്നു ഭാര്യ പറഞ്ഞു. 

ഗൊഡ്ഡയിലെ ഡകൈത ഗ്രാമത്തിൽ താമസിക്കുന്ന ഹൻസ്ദ സന്താൽ ആദിവാസി സമുദായത്തിൽ പെട്ടയാളായിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, ബിജെപി സ്ഥാനാര്‍ഥിയായി ബോറിയോയിൽ മത്സരിച്ചിരുന്നു. 59,441 വോട്ടുകൾ നേടി രണ്ടാമതെത്തിയ സൂര്യ ഹൻസ്ദ2024 ലെ തെരഞ്ഞെടുപ്പിൽ ബോറിയോ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജെഎൽകെഎം ടിക്കറ്റിലും മത്സരിച്ചിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News