'ഇത് പാകിസ്താനാണോ?' ആന്ധ്രയിലെ ജിന്നാ ടവറിന്റെ പേര് മാറ്റാൻ പ്രക്ഷോഭവുമായി ബി.ജെ.പി

ബി.ജെ.പി ദേശീയ സെക്രട്ടറിമാരായ സുനിൽ ദിയോർ, സത്യകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഗുണ്ടൂരിലെ ചരിത്രപ്രസിദ്ധമായ ജിന്നാ ടവറിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി പ്രകടനം നടത്തിയത്

Update: 2022-05-25 13:37 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള ചരിത്രപ്രസിദ്ധമായ ജിന്നാ ടവറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ പേര് നൽകണമെന്നാണ് ആവശ്യം. ബി.ജെ.പി ദേശീയ സെക്രട്ടറിയും ആന്ധ്ര ചുമതല വഹിക്കുന്ന നേതാവുമായ സുനിൽ ദിയോധർ, ദേശീയ സെക്രട്ടറി സത്യകുമാർ എന്നിവരുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭമാണ് ഗുണ്ടൂരിൽ നടന്നത്.

ആവശ്യമുന്നയിച്ച് ടവറിലേക്ക് ബി.ജെ.പി നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. ബി.ജെ.പി നേതാക്കന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് നടപടിയിൽ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. ഇത് ആന്ധ്രയാണോ അതോ പാകിസ്താനാണോ എന്ന് രാജ്യസഭാ എം.പിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജി.വി.എൽ നരസിംഹ റാവു ചോദിച്ചു. സുനിൽ ദിയോധർ, സത്യകുമാർ ഉൾപ്പെടെയുള്ള നേതാക്കളെയും നൂറുകണക്കിന് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ ശക്തമായി അപലപിക്കുന്നുവെന്ന് നരസിംഹ റാവു പ്രതികരിച്ചു.

ജിന്നാ ടവറിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും മാസമായി ബി.ജെ.പി പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. ടവറിന് അബ്ദുൽ കലാമിന്റെ പേര് നൽകാനുള്ള ആവശ്യത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബി.ജെ.പി ആന്ധ്രപ്രദേശ് അധ്യക്ഷൻ സോമു വീരരാജു പറഞ്ഞു. ഈ ആവശ്യത്തോട് അടിച്ചമർത്തൽ നയം സ്വീകരിക്കാൻ സർക്കാരിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Summary: BJP has demanded from the Andhra Pradesh government to rename the Jinnah Tower Centre in Guntur after former President APJ Abdul Kalam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News