ബിഹാറിൽ മത്സരിക്കാനില്ല: തീരുമാനം മാറ്റി ജെഎംഎം, ആര്‍ജെഡിയും കോണ്‍ഗ്രസും ഗൂഢാലോചന നടത്തിയെന്ന് ആരോപണം
ആറ് സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ ജെഎംഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ Photo- PTI
പറ്റ്‌ന: സീറ്റ് വിഭജനത്തിലെ അതൃപ്തിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഷിബു സോറന്റെ ജെഎംഎം(ജാർഖണ്ഡ് മുക്തി മോർച്ച) തീരുമാനം മാറ്റി. മത്സരിക്കാനില്ലെന്നും ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് ജെഎംഎം ഇപ്പോള്‍ പറയുന്നത്.
ആറ് സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ ജെഎംഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇൻഡ്യ സഖ്യത്തിൽ വിള്ളൽ എന്ന നിലയ്ക്ക് വാർത്ത പ്രചരിക്കുകയും ചെയ്തു.
ജാർഖണ്ഡിൽ കോൺഗ്രസും ആർജെഡിയുമായുള്ള സഖ്യം പുനഃപരിശോധിക്കുമെന്നും ഒതുക്കിയതിന് ഉചിതമായ മറുപടി നൽകുമെന്നും മുതിർന്ന ജെഎംഎം നേതാവ് സുദിവ്യ കുമാർ പറഞ്ഞു.
''രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ജെഎംഎമ്മിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടഞ്ഞതിന് ആർജെഡിയും കോൺഗ്രസും ഉത്തരവാദികളാണ്. ജെഎംഎം ഇതിന് ഉചിതമായ മറുപടി നൽകും, ആർജെഡിയും കോൺഗ്രസുമായുള്ള ജാര്‍ഖണ്ഡിലെ സഖ്യം പുനഃപരിശോധിക്കും''-മുതിർന്ന ജെഎംഎം നേതാവ് സുദിവ്യ കുമാർ പറഞ്ഞു.
ചകായ്, ധംദാഹ, കട്ടോറിയ, മണിഹാരി, ജാമുയി, പിർപൈന്തി സീറ്റുകളിൽ മത്സരിക്കുമെന്നാണ് ജെഎംഎം ശനിയാഴ്ച പ്രഖ്യാപിച്ചത്. ബിഹാറിലെ രണ്ടാം ഘട്ടത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റുകളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയായിരുന്നു. അതേസമയം 143 സ്ഥാനാർത്ഥികളുടെ പട്ടിക ആർ ജെ ഡി പുറത്തുവിട്ടു. കോൺഗ്രസ് 53 സീറ്റുകളിൽ മത്സരിക്കും. ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയാകുമ്പോൾ പ്രചാരണങ്ങളിൽ മുന്നേറുകയാണ് ഇരുമുന്നണികളും.
അതേസമയം എന്‍ഡിഎയുടെ ആദ്യ റാലിക്കായി പ്രധാനമന്ത്രി വ്യാഴാഴ്ച സംസ്ഥാനത്തെത്തും. 12 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.