ഡൽഹി കലാപത്തിൽ പൊലീസ് അനാസ്ഥയെ വിമർശിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം

ജസ്റ്റിസ് യാദവ് അടക്കം 11 ജഡ്ജിമാരെയാണ് ഡൽഹി ഹൈക്കോടതി സ്ഥലം മാറ്റിയത്.

Update: 2021-10-07 05:54 GMT
Editor : abs | By : abs
Advertising

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച അഡീഷണൽ സെഷൻസ് ജഡ്ജ് വിനോദ് യാദവിന് സ്ഥലം മാറ്റം. കർകർദൂമ ജില്ലാ കോടതി ജഡ്ജിനെ ന്യൂഡൽഹി ജില്ലയിലെ റൗസ് അവന്യൂ കോടതിയിലേക്ക് സ്‌പെഷ്യൽ ജഡ്ജ് ആയാണ് സ്ഥലംമാറ്റിയത്. ഡൽഹി ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കലാപത്തിൽ ഡൽഹി പൊലീസിന്റെ അന്വേഷണം ക്രൂരവും പ്രഹസനവുമാണ് എന്നാണ് ജസ്റ്റിസ് വിനോദ് യാദവ് നിരീക്ഷിച്ചിരുന്നത്. വിഭജനത്തിന് ശേഷം ഡൽഹിയിൽ നടന്ന ഏറ്റവും ഹീനമായ കലാപത്തിൽ കൃത്യമായ അന്വേഷണം പരാജയപ്പെട്ടാൽ അത് ജനാധിപത്യത്തിന്റെ കാവൽക്കാരെയാണ് കളങ്കപ്പെടുത്തുക. കലാപത്തിൽ പൊലീസ് വിരുദ്ധമായ മൊഴികളാണ് നൽകിക്കൊണ്ടിരിക്കുന്നത്. പൊലീസ് ജനങ്ങളുടെ നികുതിപ്പണം പാഴാക്കുകയും കോടതിയെ കബളിപ്പിക്കുകയുമാണ്. ഇത് കഷ്ടമാണ്- എന്നിങ്ങനെയാണ് സെപ്തംബർ രണ്ടിന് ജസ്റ്റിസ് യാദവ് നടത്തിയ വിമർശനങ്ങൾ.

ജസ്റ്റിസ് യാദവ് അടക്കം 11 ജഡ്ജിമാരെയാണ് ഡൽഹി ഹൈക്കോടതി സ്ഥലം മാറ്റിയത്. ഏഴ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റുകൾക്കും നാല് അഡീഷണൽ സെഷൻസ് ജഡ്ജിമാർക്കുമാണ് സ്ഥലംമാറ്റം. 2020 ഫെബ്രുവരിയിലാണ് വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം നടന്നത്. 53 പേർക്കാണ് കലാപത്തിൽ ജീവൻ നഷ്ടമായിരുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News