നീതി നടപ്പാക്കുക മാത്രമല്ല, നടപ്പാക്കിയെന്ന് കാണിക്കുകയും വേണം; പെഗാസസിൽ സുപ്രിം കോടതിയുടെ അഞ്ചു നിരീക്ഷണങ്ങൾ

ഇംഗ്ലീഷ് നോവലിസ്റ്റ് ജോർജ് ഓവർവലിന്റെ ഉദ്ധരണിയോടെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിധി പ്രസ്താവം ആരംഭിച്ചത്

Update: 2021-10-27 06:19 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: പെഗാസസ് ചാരവൃത്തി കേസിൽ വിധി പറയവെ, പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട്‌ സുപ്രിം കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. ദേശസുരക്ഷയുടെ പേരുപറഞ്ഞ് എല്ലായ്‌പ്പോഴും സർക്കാറിന് ഫ്രീ പാസ് നൽകാനാവില്ല എന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു. വിഷയം പരിശോധിക്കാന്‍ റിട്ട. സുപ്രിംകോടതി ജഡ്ജി ആർവി രവീന്ദ്രൻ അധ്യക്ഷനായ മൂന്നംഗ സമിതിയെയും കോടതി നിയോഗിച്ചു. വിദഗ്ധ സമിതിയെ തങ്ങള്‍ നിയോഗിക്കാം എന്ന കേന്ദ്രത്തിന്‍റെ ആവശ്യം കോടതി തള്ളി. 

ഒരു രഹസ്യം നിങ്ങൾ സൂക്ഷിക്കണമെങ്കിൽ അത് നിങ്ങളില്‍ നിന്നു തന്നെ മറയ്ക്കണമെന്ന ഇംഗ്ലീഷ് നോവലിസ്റ്റ് ജോർജ് ഓവർവലിന്റെ ഉദ്ധരണിയോടെയാണ് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവം ആരംഭിച്ചത്. കോടതി നടത്തിയ അഞ്ച് സുപ്രധാന നിരീക്ഷണങ്ങൾ.

Advertising
Advertising

1- ദേശസുരക്ഷാ ഉത്കണ്ഠകൾ ഉയർത്തി എല്ലായ്‌പ്പോഴും ഭരണകൂടത്തിന് ഫ്രീപാസ് നൽകാനാകില്ല. കേന്ദ്രം നിശ്ശബ്ദമായി നിൽക്കാതെ നിലപാട് വ്യക്തമാക്കണം.

2- സ്വകാര്യതയ്ക്കുള്ള അവകാശത്തിൽ നിയന്ത്രണങ്ങളുണ്ട്. എന്നാൽ അത് ഭരണഘടനയുടെ സൂക്ഷ്മപരിശോധയ്ക്ക് വിധേയമാണ്. ആധുനിക ലോകത്ത് ഭീകരപ്രവർത്തനം തടയാനാണ് സ്വകാര്യതയ്ക്ക് മേൽ നിയന്ത്രണം കൊണ്ടുവരുന്നത്. ദേശസുരക്ഷ സംരക്ഷിക്കാൻ ആവശ്യമുള്ള ഘട്ടത്തിൽ മാത്രമേ ഈ നിയന്ത്രണങ്ങൾ ചുമത്താവൂ.

3- സ്വകാര്യതാ അവകാശങ്ങൾ ലംഘിക്കപ്പെട്ടത് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന് വ്യക്തമായ നിലപാടില്ല. ഇന്ത്യയ്ക്കാരെ നിരീക്ഷിച്ചതിൽ വിദേശ ഏജൻസികൾക്കുള്ള പങ്ക് ഗൗരവതരമാണ്.

4- നീതി നടപ്പാക്കുക മാത്രമല്ല, നടപ്പാക്കിയെന്ന് കാണിക്കുകയും വേണം.

5- ചാരവൃത്തി പരിശോധിക്കാൻ റിട്ടയേഡ് സുപ്രിംകോടതി ജസ്റ്റിസ് ആർവി രവീന്ദ്രൻ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചെന്ന് കോടതി. 1976 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ അലോക് ജോഷി, ഡോ. സന്ദീപ് ഒബ്‌റോയ് എന്നിവരാണ് മറ്റംഗങ്ങൾ. മലയാളി പി പ്രഭാകരന്‍ ഉള്‍പ്പെടെ സാങ്കേതിക സമിതിയെയും കോടതി നിയോഗിച്ചു.  

ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ പൊതുചർച്ചയോ കോടതി ഇടപെടലോ ആവശ്യമില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, എഡിറ്റേഴ്‌സ് ഗിൽഡ്, മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ തുടങ്ങിയവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News