കെസിആറിന്റെ മകളും ബിആർഎസ് നേതാവുമായ കെ.കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
നിലവിൽ ബിആർഎസ് എംഎൽസി ആണ് കവിത
ബംഗളൂരു: തെലങ്കാന മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷനേതാവുമായ കെ.ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയെ ബിആർഎസ് പുറത്താക്കി. കാലേശ്വരം ജലസേചന പദ്ധതി അഴിമതിയിൽ മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന് കവിത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നിലവിൽ ബിആർഎസ് എംഎൽസി ആണ് കവിത.
2014ൽ ബിആർഎസ് അധികാരത്തിലിരുന്നപ്പോൾ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ഹരീഷ് റാവുവും മുൻ രാജ്യസഭാ എംപി ജെ.സന്തോഷ് കുമാറും നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുമായി ഒത്തുകളിച്ച് അനധികൃത സ്വത്ത് സമ്പാദനത്തിനും ചന്ദ്രശേഖര റാവുവിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും ശ്രമിച്ചെന്ന് കവിത ആരോപിച്ചിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് കവിതയെ സസ്‌പെൻഡ് ചെയ്തതെന്ന് ബിആർഎസ് നേതാക്കളായ ടി.രവീന്ദർ റാവു, സോമ ഭാരത് കുമാർ എന്നിവർ പറഞ്ഞു. കവിതയുടെ സമീപകാല പ്രവൃത്തികൾ പാർട്ടി ഗൗരവമായാണ് കാണുന്നതെന്നും ഇത് പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും ബിആർഎസ് ഔദ്യോഗിക എക്‌സ് പേജിൽ വ്യക്തമാക്കി.
పార్టీ MLC శ్రీమతి కె. కవిత ఇటీవలి కాలంలో ప్రవర్తిస్తున్న తీరుతెన్నులు, కొనసాగిస్తున్న పార్టీ వ్యతిరేక కార్యకలాపాలు బీఆర్ఎస్ పార్టీకి నష్టం కలిగించే రీతిలో ఉన్నందున పార్టీ అధిష్టానం ఈ విషయాన్ని తీవ్రంగా పరిగణిస్తున్నది.
— BRS Party (@BRSparty) September 2, 2025
పార్టీ అధ్యక్షులు శ్రీ కె. చంద్రశేఖర్ రావు గారు శ్రీమతి కె.… pic.twitter.com/iTSWON3irq
പാർട്ടി വർക്കിങ് പ്രസിഡന്റാക്കണമെന്ന് കവിത നേരത്തെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മേയിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. കവിതയുടെ യുഎസ് സന്ദർശനത്തിനിടെ ആയിരുന്നു കത്ത് ചോർന്നത്. കത്ത് തന്റേത് തന്നെയാണെന്ന് കവിത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.