ഡൽഹി കലാപം; ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ കേസെടുക്കുന്നതിനെ എതിർത്ത് പൊലീസ്
കപിൽ മിശ്രയും സംഘവും സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നതായി താൻ കണ്ടെന്ന് ഹരജിയിൽ പറയുന്നു
ഡൽഹി: പൗരത്വ ഭേദഗതിക്കെതിരെ നടന്ന സമരം വർഗീയ കലാപത്തിനിടയാക്കിയ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന ഹരജിയെ എതിർത്ത് ഡൽഹി പൊലീസ്. യമുന വിഹാർ സ്വദേശിയായ മുഹമ്മദ് ഇല്യാസ് നൽകിയ ഹരജിയിലാണ് ബിജെപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിലെ മന്ത്രിയായ മിശ്രയെ പൊലീസ് വെള്ളപൂശി രംഗത്തെത്തിയത്. വർഗീയ കലാപത്തിൽ മിശ്രക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് വാദം.
53 പേരുടെ മരണത്തിനും 700 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഡൽഹി കലാപത്തിൽ മിശ്രയുടെയും ആറ് പേരുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് ഇല്യാസ് കോടതിയെ സമീപിച്ചത്. അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യയാണ് ഹരജി പരിഗണിച്ചത്. മുസ്തഫാബാദ് എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ മോഹൻ സിംഗ് ബിഷ്ട്, അന്നത്തെ ഡിസിപി (നോർത്ത് ഈസ്റ്റ്), ദയാൽപൂർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ, മുൻ ബിജെപി നിയമസഭാംഗം ജഗദീഷ് പ്രധാൻ എന്നിവർക്ക് കലാപത്തിൽ പങ്കുണ്ടെന്നാണ് ഹരജിയിലുള്ളതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
2020 ഫെബ്രുവരി 23 ന് കർദാംപുരിയിൽ കപിൽ മിശ്രയും മറ്റുള്ളവരും റോഡ് ഉപരോധിക്കുകയും തെരുവ് കച്ചവടക്കാരുടെ കൈവണ്ടികൾ നശിപ്പിക്കുകയും ചെയ്യുന്നത് കണ്ടതായി ഇല്യാസ് ഹരജിയിൽ വ്യക്തമാക്കി. സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ കപിൽ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തിയപ്പോൾ മുൻ ഡിസിപിയും മറ്റ് ചില ഉദ്യോഗസ്ഥരും മിശ്രയ്‌ക്കൊപ്പം നിന്നതായും അദ്ദേഹം പറഞ്ഞു.
ദയാൽപൂർ മുൻ എസ്എച്ച്ഒയും മറ്റുള്ളവരും വടക്കുകിഴക്കൻ ഡൽഹിയിലുടനീളം പള്ളികൾ നശിപ്പിക്കുന്നത് താൻ കണ്ടതായും ഇല്യാസ് തന്റെ ഹർജിയിൽ പറഞ്ഞു. മാർച്ച് 24 നാണ് ഹരജിയിൽ കോടതി വിധി പറയുക.
ഡൽഹിയിലെ അക്രമം ‘ആസൂത്രിതമാണെന്ന്’ ഡൽഹി ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ച 10 അംഗ വസ്തുതാന്വേഷണ സംഘം കണ്ടെത്തുകയും മിശ്ര അതിൽ പ്രതിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജാഫറാബാദിലെ പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ നീക്കണമെന്ന് 2020 ഫെബ്രുവരി 23 ന് മൗജ്പൂരിൽ കപിൽ മിശ്ര നടത്തിയ ചെറിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് വിവിധയിടങ്ങളിൽ അക്രമം ആരംഭിച്ചതെന്നും വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
.