കർണാടകയിലെ ബി.ജെ.പി എം.എൽ.എമാർ ഡി.കെ ശിവകുമാറിന്റെ അത്താഴവിരുന്നിൽ; വിശദീകരണം തേടുമെന്ന് ബി.ജെ.പി അധ്യക്ഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ബി.ജെ.പി നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്.

Update: 2023-12-14 13:10 GMT
Advertising

ബെലഗാവി: കർണാടകയിലെ രണ്ട് ബി.ജെ.പി എം.എൽ.എമാരും ഒരു എം.എൽ.സിയും പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്തതിനെ ചൊല്ലി വിവാദം. വിഷയം ഗൗരവമായാണ് കാണുന്നതെന്നും വിശദീകരണം ചോദിക്കുമെന്നും കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര പറഞ്ഞു.

എം.എൽ.എമാർ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും തന്റെ ക്ഷണപ്രകാരം അത്താഴവിരുന്നിന് എത്തിയതാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. എം.എൽ.എമാരായ എസ്.ടി സോമശേഖർ, ശിവറാം ഹെബ്ബാർ, എം.എൽ.സി എച്ച്. വിശ്വനാഥ് എന്നിവരാണ് അത്താഴവിരുന്നിൽ പങ്കെടുത്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ബി.ജെ.പി നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. 2019ൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ 17 എം.എൽ.എമാരിൽ പെട്ടവരാണ് മൂന്നുപേരും. സോമശേഖറും ഹെബ്ബാറും കഴിഞ്ഞ ബി.ജെ.പി മന്ത്രിസഭയിലും അംഗങ്ങളായിരുന്നു.

ഉപമുഖ്യമന്ത്രിയുടെ വിരുന്നിലാണ് താൻ പങ്കെടുത്തതെന്നും അതിന് രാഷ്ട്രീയ മാനം നൽകേണ്ടെന്നും എസ്.ടി സോമശേഖർ പറഞ്ഞു. ബുധനാഴ്ച രാത്രി വിജയേന്ദ്ര നടത്തിയ അത്താഴവിരുന്നിലും താൻ പങ്കെടുത്തിരുന്നു. ബി.എസ് യെദിയൂരപ്പയേയും കണ്ടിരുന്നു. അതിന് ശേഷം രാത്രി 10.30നാണ് ഡി.കെ ശിവകുമാറിന്റെ വിരുന്നിന് പോയത്. നേരത്തെ ഭക്ഷണം കഴിച്ചിരുന്നതിനാൽ ഉപമുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്ത് മടങ്ങിയെന്നും സോമശേഖർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News