'വിദ്യാർഥികളുടെ മനസ്സ് മലിനമാകുന്നില്ലെന്ന് ഉറപ്പാക്കും'; പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുമെന്ന സൂചന നൽകി കർണാടക വിദ്യാഭ്യാസ മന്ത്രി

ഹിജാബ് നിരോധനം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി പറഞ്ഞു.

Update: 2023-05-30 13:05 GMT
Advertising

ബംഗളൂരു: കർണാടകയിലെ സ്‌കൂൾ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുമെന്ന് സൂചന നൽകി വിദ്യാഭ്യാസ വകുപ്പ് മന്ത്രി മധു ബംഗാരപ്പ. വിദ്യാർഥികളുടെ താൽപര്യങ്ങൾ പരിഗണിച്ച് അവരുടെ മനസ്സ് മലിനമാകുന്നില്ലെന്ന് ഉറപ്പാക്കുന്ന തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഹിജാബ് നിരോധനം സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ബി.ജെ.പി സർക്കാർ പാഠപുസ്തകങ്ങളിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ പിൻവലിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയം കർണാടകയിൽ നടപ്പാക്കില്ലെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച തീരുമാനത്തിന് കാത്തിരിക്കൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

വിദ്യാർഥികൾ സ്‌കൂളിൽ വരുന്നത് പഠിക്കാനാണ്. അവരെ ശല്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സർക്കാരിന്റെയോ തന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്ന് അങ്ങനെയൊന്നും ഉണ്ടാവരുതെന്ന് തങ്ങൾക്ക് നിർബന്ധമുണ്ട്. പാഠപുസ്തകങ്ങൾ ഒരു പരിധിവരെ അയച്ചുകഴിഞ്ഞു. അത് തടസ്സമില്ലാതെ എങ്ങനെ ചെയ്യുമെന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കും-മന്ത്രി പറഞ്ഞു.

പാഠപുസ്തകങ്ങളിലൂടെ വിദ്യാർഥികളുടെ മനസ്സ് മലിനപ്പെടുത്താൻ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു. അധ്യയന വർഷം ആരംഭിച്ച ശേഷം പാഠപുസ്തക പരിഷ്‌കരണത്തിൽ തീരുമാനമെടുക്കും. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ വിദ്യാഭ്യാസരംഗത്ത് മായം കലർത്താൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു തീരുമാനമെടുക്കാൻ മറ്റൊരു യോഗം വിളിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

ബി.ജെ.പി സർക്കാരിന്റെ കാലത്ത് പാഠപുസ്തക പരിഷ്‌കരണ സമിതി അധ്യക്ഷനായിരുന്ന രോഹിത് ചക്രതീർഥയുടെ നേതൃത്വത്തിൽ പാഠപുസ്തകങ്ങൾ കാവിവൽക്കരിച്ചതായി ആരോപണമുയർന്നിരുന്നു. ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗെവാറിന്റെ പ്രസംഗം ഒരു അധ്യായമായി ഉൾപ്പെടുത്തുകയും സ്വാതന്ത്ര്യ സമര സേനാനികളെയും സാമൂഹ്യപരിഷ്‌കർത്താക്കളെയും കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കുകയും ചെയ്തതിനെതിരെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ എതിർപ്പുയർത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News