ഗോവധ നിരോധനമോ ഹിജാബ് നിരോധനമോ എന്തുമാകട്ടെ കര്‍ണാടകയുടെ വികസനത്തിന് തടസ്സമായ നിയമങ്ങള്‍ ഒഴിവാക്കും: പ്രിയങ്ക് ഖാര്‍ഗെ

"സർക്കാർ എന്ന നിലയിൽ എല്ലാ കുട്ടികളെയും സ്‌കൂളുകളില്‍ നിലനിർത്തുക എന്നതിനല്ലേ മുൻഗണന നല്‍കേണ്ടത്? ഒരു പ്രത്യേക നയം പിന്തിരിപ്പനും എന്‍റെ കുട്ടികളെ സ്‌കൂളിൽ നിന്ന് മാറ്റിനിർത്തുന്നതും ആണെങ്കിൽ, ഞാൻ അത് നിലനിർത്തണോ അതോ റദ്ദാക്കണോ?"

Update: 2023-06-07 05:27 GMT

Priyank Kharge

Advertising

ഡല്‍ഹി: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമം വലിയ സാമ്പത്തികാഘാതം സൃഷ്ടിച്ചെന്നും സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് തടസ്സമായെന്നും മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ഈ കണ്ടെത്തല്‍ കോണ്‍ഗ്രസിന്‍റേതല്ലെന്നും ബി.ജെ.പി സര്‍ക്കാറിന്‍റെ ധനകാര്യ വകുപ്പിന്‍റേതാണെന്നും മന്ത്രി പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. 

ബി.ജെ.പിയുടെ ഗോവധ നിരോധനമോ ഹിജാബ് നിരോധനമോ എന്തുതന്നെയായാലും കർണാടകയുടെ സാമ്പത്തിക, സാമൂഹിക വളര്‍ച്ചയ്ക്ക് എതിരാണെന്ന് കണ്ടാൽ ഒഴിവാക്കുമെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യതയില്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയമല്ല, വികസനമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോവധ നിരോധന ബിൽ ബി.ജെ.പി കർണാടകയിൽ കൊണ്ടുവന്നത് നാഗ്പൂരിലെ അവരുടെ യജമാനന്മാരെ സന്തോഷിപ്പിക്കാനാണ്. അത് കർഷകര്‍ക്കോ കാര്‍ഷിക മേഖലയ്ക്കോ വേണ്ടിയുള്ളതല്ലെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

സാമ്പത്തിക പ്രത്യാഘാതം കണക്കിലെടുത്ത് ഗോവധ നിരോധന ബിൽ സര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കാം. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോൾ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന നിയമങ്ങളോട് യോജിക്കാനാവില്ല. ഗോവധ നിരോധനം മാത്രമല്ല, ബി.ജെ.പിയുടെ പശു സംരക്ഷണ തീരുമാനങ്ങളും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. ഒരു പശുവിന് ദിവസം 70 രൂപ വെച്ച് തീറ്റക്കായി ചെലവഴിക്കുമെന്നാണ് മുൻ സർക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 1.7 ലക്ഷത്തോളം കന്നുകാലികൾക്ക് 5240 കോടി രൂപ ഇതിനായി ചെലവാക്കേണ്ടിവരുമെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

"കർഷകർ, വ്യാപാരികൾ, ചെറുകിട സംരംഭകര്‍ എന്നിവരുടേത് ഉള്‍പ്പെടെ കർണാടകയുടെ സാമ്പത്തിക വളർച്ചയാണ് ഞങ്ങളുടെ ലക്ഷ്യം. കര്‍ണാടകയെ പുരോഗതിയുടെ പാതയില്‍ നയിക്കാന്‍ ഞങ്ങൾക്ക് വലിയ ജനവിധി ലഭിച്ചു. സർക്കാർ എന്ന നിലയിൽ എല്ലാ കുട്ടികളെയും സ്‌കൂളുകളില്‍ നിലനിർത്തുക എന്നതിനല്ലേ ഞങ്ങള്‍ മുൻഗണന നല്‍കേണ്ടത്? ഒരു പ്രത്യേക നയം പിന്തിരിപ്പനും എന്‍റെ കുട്ടികളെ സ്‌കൂളിൽ നിന്ന് മാറ്റി നിർത്തുന്നതും ആണെങ്കിൽ, ഞാൻ അത് നിലനിർത്തണോ അതോ റദ്ദാക്കണോ?"- പ്രിയങ്ക് ഖര്‍ഗെ ചോദിച്ചു.

Summary- The previous Basavaraj Bommai government's anti-cow slaughter bill in Karnataka is an impediment to the state's progress and entails massive financial burdens, Karnataka minister Priyank Kharge

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News