''ക്ലിനിക്കൽ സൈക്കോളജിയിൽ പഠനം തുടരണം''; 12-ാം ക്ലാസ് റാങ്കിന്റെ മിന്നുംതിളക്കത്തിൽ ഇൽഹാം

മംഗളൂരുവിലെ സെന്റ് അലോഷ്യസ് പി.യു കോളജിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയായ ഇൽഹാം 597 മാർക്ക് നേടിയാണ് സയൻസ് വിഭാഗത്തിൽ രണ്ടാം റാങ്ക് സ്വന്തമാക്കിയത്

Update: 2022-06-20 13:39 GMT
Editor : Shaheer | By : Web Desk

ബംഗളൂരു: ഹിജാബിനെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കർണാടകയിൽ 12-ാം ക്ലാസ് പൊതുപരീക്ഷാഫലം പുറത്തുവന്നത്. ഫലത്തിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയത് ഹിജാബുകാരിയായ ഇൽഹാമാണ്.

മംഗളൂരുവിലെ സെന്റ് അലോഷ്യസ് പി.യു കോളജ് വിദ്യാർത്ഥിയായ ഇൽഹാം 597 മാർക്ക് നേടിയാണ് സയൻസ് വിഭാഗത്തിൽ രണ്ടാം റാങ്കുകാരിയായത്. ബംഗളൂരുവിൽനിന്നുള്ള സിംറാൻ റാവുവാണ് 598 മാർക്കുമായി ടോപ്പറായത്. സെന്റ് അലോഷ്യസിൽനിന്നു തന്നെയുള്ള അനീഷ മാള്യ കൊമേഴ്‌സ് വിഭാഗത്തിലും രണ്ടാം റാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. 595 മാർക്കാണ് അനീഷയ്ക്ക് ലഭിച്ചത്.

Advertising
Advertising

പത്താം ക്ലാസിലും മികച്ച നേട്ടം കൊയ്ത ഇൽഹാമിന് രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം പൊതുപരീക്ഷയ്ക്കിരിക്കുമ്പോൾ വലിയ സമ്മർദമൊന്നും ഉണ്ടായിരുന്നില്ല. അധ്യാപകരിൽന്ന് മികച്ച പിന്തുണയുണ്ടായിരുന്നു. ഇതോടൊപ്പം എല്ലാ മുന്നൊരുക്കങ്ങളും നടത്തിയായിരുന്നു പരീക്ഷയ്ക്കിരുന്നതെന്ന് ഇൽഹാം 'ദ ഹിന്ദു'വിനോട് പറഞ്ഞു.

ക്ലിനിക്കൽ സൈക്കോളജിയാണ് ഭാവി കരിയറായി ഈ മിടുക്കി തിരഞ്ഞെടുത്തിരിക്കുന്നത്. പത്താം ക്ലാസ് തൊട്ടുതന്നെ മനശ്ശാസ്ത്രത്തിൽ തൽപരയാണ് താനെന്ന് ഇൽഹാം മാധ്യമങ്ങളോട് പറഞ്ഞു. യെനെപോയ ഡീംഡ് സർവകലാശാലയിൽ ബിരുദപഠനം നടത്താനാണ് ആലോചിക്കുന്നത്. ബി.എസ്‌സി ക്ലിനിക്കൽ സൈക്കോളജിക്കാണ് ചേരുന്നത്. തുടർന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഉപരിപഠനങ്ങളും ഗവേഷണങ്ങളുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്.

നോവൽ വായനയാണ് ഇൽഹാമിന്റെ ഹോബി. മിസ്ട്രി, അഡ്വഞ്ചർ വിഭാഗങ്ങളിൽ വരുന്ന നോവലുകളോടാണ് കൂടുതൽ കമ്പം. ഇതോടൊപ്പം മികച്ചൊരു ചിത്രകാരി കൂടിയാണ്. ഒഴിവുസമയങ്ങളിൽ ചിത്രരചനയിലാണ് ആനന്ദം കണ്ടെത്തുന്നത്. ഒരു റീട്ടെയിൽ വിതരണ ശൃംഖലയിൽ മാനേജറായ മുഹമ്മദ് റഫീഖാണ് പിതാവ്. മാതാവ് മുഇസ്സത്തുൽ കുബ്‌റയും.

Summary: Hijab clad Ilham emerges as second topper in Karnataka PU examinations and wants to purse clinical psychology

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News