ക്യാപ്റ്റന്‍ സിദ്ധരാമയ്യ; കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നത്

Update: 2023-05-20 07:30 GMT
Advertising

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവർണർ തവർചന്ദ് ഗെഹ്‍ലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ക്യാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. മലയാളിയായ കെ.ജെ ജോർജ്, ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ,കെ ജെ ജോർജ്,എം ബി പാട്ടീൽ തുടങ്ങി മന്ത്രിസഭയിലെ എട്ട് പേരുടെ പേരാണ് ഇതുവരെ പുറത്തുവന്നത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുന്നത്.

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്കു പുറമെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കമല്‍ഹാസൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മേയ് പത്തിനായിരുന്നു കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് വലിയ ഒറ്റകക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷത്തിനു വേണ്ട 113 എന്ന മാന്ത്രികസംഖ്യ കടക്കാനാകില്ലെന്നായിരുന്നു എക്‌സിറ്റ്‌പോൾ ഫലങ്ങൾ മിക്കതും പ്രവചിച്ചത്. എന്നാൽ, 13ന് ഫലം പുറത്തുവന്നപ്പോൾ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ഒറ്റയ്ക്ക് കോൺഗ്രസ് മുന്നേറ്റമാണ് കർണാടകയിൽ കണ്ടത്. 135 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് അധികാരത്തിലേറുന്നത്. മന്ത്രിമാർ ഉൾപ്പെടെ ഭരണകക്ഷിയിലെ പ്രമുഖ നേതാക്കൾക്ക് അടിതെറ്റിയ തെരഞ്ഞെടുപ്പിൽ 66 സീറ്റാണ് ബി.ജെ.പിക്കു ലഭിച്ചത്. ജെ.ഡി-എസ് 19ലേക്കും ഒതുങ്ങി.

ദക്ഷിണേന്ത്യയില്‍ ഇതോടെ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തും ഭരണമില്ലാതാവും. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണത്തില്‍ ഇല്ല. ആകെയുണ്ടായിരുന്ന കര്‍ണാടകയും ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കൈവിട്ടു. 224 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം നേടാന്‍ 113 സീറ്റിലെ വിജയമായിരുന്നു ആവശ്യം. ലീഡ് നില മാറിമറിഞ്ഞ ആദ്യ രണ്ടു മണിക്കൂറിനു ശേഷമാണ് കര്‍ണാടക കോണ്‍ഗ്രസിനൊപ്പമാണെന്ന് വ്യക്തമായത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News