'നിയമങ്ങളെല്ലാം എനിക്കറിയാം, അധികം വിശദീകരിക്കണ്ട' കെബിസിയിൽ ബച്ചനോട് പത്ത് വയസുകാരൻ, ഒടുവിൽ ആദ്യ ചോദ്യത്തിൽ തന്നെ പുറത്ത്; വൈറൽ വീഡിയോ
അമിതാഭ് ബച്ചൻ അവതാരകനായെത്തി ജനശ്രദ്ധ നേടിയ ഷോയാണ് കോൻ ബനേഗ ക്രോർപതി
Photo| Special Arrangemen
ന്യൂഡൽഹി: അമിതാഭ് ബച്ചൻ അവതാരകനായി ജനശ്രദ്ധ പിടിച്ചുപറ്റിയ ഷോയാണ് കോൻ ബനേഗ ക്രോർപതി. അതിൽ കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക എപ്പിസോഡാണ് സോഷ്യൽമീഡിയയിൽ വൈറൽ. പ്രേക്ഷകരെ ആകർഷിക്കുന്ന യുവ മത്സരാർത്ഥികളെ അവതരിപ്പിക്കുകയാണ് ഷോയുടെ ലക്ഷ്യമായി പറയുന്നത്.
ഗുജറാത്തിൽ നിന്നുള്ള അഞ്ചാം ക്ലാസുകാരനായ പത്തുവയസുകാരൻ ഇഷിത് ഭട്ടിൻ്റെ അമിതാത്മവിശ്വാസമാണ് ഇപ്പോൾ ചർച്ച. ഷോയ്ക്കിടെയുള്ള, അവൻ്റെ സ്വരവും സമീപനവും കോൺഫിഡൻസുമാണ് ഇതിന് കാരണം. കളിയുടെ തുടക്കത്തിൽ, മത്സരത്തിൻ്റെ നിയമം നിയമങ്ങൾ വിശദീകരിക്കാൻ തുടങ്ങിയ അമിതാഭ് ബച്ചനോട്, “മേരെ കോ റൂൾസ് പാടാ ഹൈ ഇസ്‌ലിയേ ആപ് മേരേക്കോ അഭി റൂൾസ് സംഝാനെ മത് ബൈത്‌നാ (എനിക്ക് നിയമങ്ങൾ ഇതിനകം അറിയാം, അതിനാൽ നിങ്ങൾ എന്നോട് അവ വിശദീകരിക്കേണ്ടതില്ല)” എന്നായിരുന്നു ഇഷിതിൻ്റെ മറുപടി. " അരേ ഓപ്ഷൻ ദാലോ (വരൂ, എനിക്ക് ചില ഓപ്ഷനുകൾ തരൂ)" ഓപ്ഷനുകൾക്കായി സമ്മർദ്ദം ചെലുത്തകയും ബച്ചൻ്റെ ക്ഷമ പരീക്ഷിക്കുകയും ചെയ്തു. ക്വിസിനിടെ, ഓപ്ഷനുകൾ കേൾക്കുന്നതിന് മുമ്പുതന്നെ തന്റെ ഉത്തരം ലോക്ക് ചെയ്യാൻ നിർബന്ധിച്ചു.
എന്നാൽ രാമായണത്തെ കുറിച്ചുള്ള ആദ്യ ചോദ്യത്തിൽ തന്നെ കുട്ടി പുറത്തായതാണ് ഇതിലെ ട്വിസ്റ്റ്. ഉത്തരം പറയാനുള്ള സമയം തുടങ്ങിയതോടെ അമിതാവേശത്തിൽ ആവുകകയും ചെയ്തു. " സർ ഏക് ക്യാ ഉസ് മേം ചാർ ലോക്ക് ലഗാഡോ, ലെകിൻ ലോക്ക് കരോ (സർ, ഒന്നല്ല, നാല് ലോക്കുകൾ ഇട്ടോളൂ, എന്നിട്ടിത് ലോക്ക് ചെയ്യുക)." ഒടുവിൽ, തെറ്റായി ഉത്തരം നൽകി, സമ്മാനത്തുകയൊന്നും നേടാതെ ഷോയിൽ നിന്ന് പുറത്തുപോയി.
കുട്ടിയുടെ അമിത ആത്മവിശ്വാസമാണെന്നും മുതിർന്നവരോട് ബഹുമാനമില്ല എന്നുള്ളതാണ് കുട്ടിക്കും മാതാപിതാക്കൾക്കെതിരായ സോഷ്യൽ മീഡിയ വിമർശനത്തിന് കാരണം. എന്നാൽ റിയാലിറ്റി ഷോകളിൽ മത്സരാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും കുട്ടിയുടെ മാനസിക വികാരങ്ങളെ സൂചിപ്പിച്ചും ചിലർ രംഗത്തെത്തി. കോൻ ബനേഗാ ക്രോർപതി 17 ന് ടിആർപി റേറ്റിംഗുകൾ കുറയുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനിടെയാണ് പുതിയ എപ്പിസോഡ്. അത് കൊണ്ട് തന്നെ സ്ക്രിപ്പറ്റട് ആണെന്ന വിമർശനവും ഉയർന്നു. വീഡിയോ ഇതിനകം തന്നെ വൈറലായി.