'ഈ നന്ദി എന്തിനുവേണ്ടി'; ട്രംപിന് നന്ദിയറിയിച്ച മോദിക്കെതിരെ കെജ്‌രിവാള്‍

അമേരിക്കന്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം

Update: 2026-06-11 12:44 GMT

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അഭിനന്ദന പോസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയറിയിച്ചതിനെതിരെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. മോദിയുടെ നന്ദിപ്രകടനം യഥാര്‍ത്ഥത്തില്‍ എന്തിനുവേണ്ടിയാണെന്ന് കെജ്‌രിവാള്‍ ചോദ്യമുയര്‍ത്തി. ഒമാന്‍ തീരത്തെ അമേരിക്കന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം.

നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ നിരാശാജനകമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരവും അഭിമാനവും പൗരന്മാരുടെ ജീവിതവും മോദി ട്രംപിന് അടിയറവ് വെച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് ശക്തനായ പ്രധാനമന്ത്രിയെ ആവശ്യമുണ്ട്. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ ജനതയുടെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ട്രംപിന്റെ നീക്കം അനുവദിക്കാനാകില്ലെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു. എക്സിലൂടെയാണ് കെജ്‌രിവാള്‍ മോദിക്കെതിരെ രംഗത്തെത്തിയത്.

Advertising
Advertising

തുടര്‍ച്ചയായി ഏറ്റവും കാലം ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയെന്ന നേട്ടത്തിലാണ് നരേന്ദ്ര മോദി ഇപ്പോള്‍ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് 4397 ദിവസം (12 വര്‍ഷവും 14 ദിവസവും) പൂര്‍ത്തിയാക്കിയ മോദി, ശക്തനും മഹാനുമായ നേതാവാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തുടർന്ന് ആഗോളതലത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുഹൃദ് ബന്ധം ചൂണ്ടിക്കാട്ടിയാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. 

അതേസമയം, ഒമാന്‍ തീരത്ത് യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യന്‍ നാവികാരാണ് കൊല്ലപ്പെട്ടത്. 'സെറ്റബെല്ലോ' എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. 24 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 28 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ട് പാകിസ്ഥാന്‍ പൗരന്മാരും രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു റഷ്യന്‍ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റിനോടുള്ള മോദിയുടെ നന്ദിപ്രകടനം.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - രാഗേന്ദു​ പി.ആർ

contributor

Web Journalist

Similar News