കോടികൾ ചെലവിട്ട് നിർമിച്ച ഫ്‌ളൈഓവറിന്റെ ബോൾട്ടൂരി കുട്ടികൾ; ബിഹാറിലെ ഡബിൾ ഡെക്കർ ഫ്‌ളൈഓവറിൽ നിന്നുമുള്ള ദൃശ്യങ്ങൾ വൈറൽ
ബിഹാറിൽ ജൂൺ 11 നാണ് സംസ്ഥാനത്തിന്റെ ആദ്യ ഡബിൾ ഡെക്കർ ഫ്‌ളൈ ഓവർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തത്.
പറ്റ്‌ന: ബിഹാറിൽ ജൂൺ 11 നാണ് സംസ്ഥാനത്തിന്റെ ആദ്യ ഡബിൾ ഡെക്കർ ഫ്‌ളൈഓവർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തത്. ഈ ഫ്‌ളൈഓവറിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. 422 കോടി രൂപ ചെലവിട്ട് നിർമിച്ച ഡബിൾ ഡെക്കർ ഫ്‌ളൈഓവറിൽ നിന്നും നട്ടും ബോൾട്ടും ഊരിക്കൊണ്ടു പോകുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
നാല് - അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ ഒരു സംഘമാണ് പുതുതായി നിർമിച്ച ഈ പാലത്തിൽ നിന്നും നട്ടും ബോൾട്ടും മോഷ്ടിക്കുന്നതായി ദൃശ്യങ്ങളിൽ കാണുന്നത്. നഗരത്തിലെ ഗതാഗതത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഈ ഫ്‌ളൈഓവർ പല സുപ്രധാന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതുകൂടിയാണ്. കുട്ടികൾ പാലത്തിന് കേടുപാടു വരുത്തുന്നതും തുടർന്ന് ചോദ്യം ചെയ്യാൻ ശ്രമിക്കുമ്പോൾ ഓടി പോകുന്നതായും പ്രദേശവാസി പകർത്തിയ വീഡിയോയിൽ കാണാം. കുട്ടികളുടെ മുഖം വീഡിയോയിൽ വ്യക്തമല്ല.
വീഡിയോ പ്രചരിച്ചതോടെ പൊതു സ്വത്തിന്റെ സുരക്ഷയെക്കുറിച്ചും സ്ഥലത്ത് കാര്യമായ സെക്യൂരിറ്റി സിസ്റ്റങ്ങളില്ലാത്തതും ചർച്ചയായി.