സ്വന്തം സർക്കാരിനെ സമ്മർദത്തിലാക്കി സച്ചിൻ പൈലറ്റ്; ഷിൻഡെയുടെ അയോധ്യ സന്ദർശനം- അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്

അഴിമതിക്കെതിരെ ചൊവ്വാഴ്ച ഏകദിന നിരാഹാര സമരം നടത്തുമെന്ന് സച്ചിൻ പൈലറ്റ്

Update: 2023-04-09 16:52 GMT
Editor : afsal137 | By : Web Desk

സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, ഏക്നാഥ് ഷിൻഡെ

Advertising

ദേശീയ കടുവ സെൻസസ് പുറത്തുവിട്ട് മോദി

ദേശീയ കടുവ സെൻസസ് പുറത്തുവിട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ടൈഗർ ഇൻ കർണാടക ഹാഷ്ടാഗ് ട്വിറ്ററിൽ സജീവമാണ്. കർണാടക ബന്ദിപ്പുർ കടുവാസങ്കേതത്തിൽ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനത്തിനായി ബന്ദിപുരിലെത്തിയതായിരുന്നു പ്രധാനമന്ത്രി. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്‌ലാഷ് ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോദി കടുവ സങ്കേതത്തിൽ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബന്ദിപ്പുർ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇന്ദിരാഗാന്ധിയാണ് ആദ്യമെത്തിയ പ്രധാനമന്ത്രി. ഓസ്‌കാർ പുരസ്‌കാരം നേടിയ 'എലിഫന്റ് വിസ്പറേഴ്‌സ്' എന്ന ഡോക്യുമെന്ററിയിൽ അഭിനയിച്ച ബൊമ്മൻ-ബെല്ലി ദമ്പതിമാരെ പ്രധാനമന്ത്രി ആദരിച്ചു.


ഏക്‌നാഥ് ഷിൻഡെയുടെ അയോധ്യ സന്ദർശനം

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അയോധ്യ സന്ദർശനം സംബന്ധിച്ച വാർത്തകളും ചിത്രങ്ങളും ട്വിറ്ററിൽ ഇന്ന് ട്രെൻഡിങ്ങാണ്. അയോധ്യാസന്ദർശനം രാഷ്ട്രീയമല്ലെന്നും രാമക്ഷേത്രം എന്നത് ഹിന്ദുത്വത്തിൻറെ പ്രതീകമാണെന്നും വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ഷിൻഡെ പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഷിൻഡെ അയോധ്യ സന്ദർശിക്കുന്നത്. ശിവസേന നേതാക്കളും എംപിമാരും എംഎൽഎമാരും ബിജെപിയുടെ നേതാക്കളും അദ്ദേഹത്തോടൊപ്പം അയോധ്യയിലെത്തി. നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിലെത്തിയ ഷിൻഡെ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. രാമക്ഷേത്ര നിർമ്മാണം വേഗത്തിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏക്‌നാഥ് ഷിൻഡെ നന്ദിയറിച്ചു.


സ്വന്തം സർക്കാരിനെ സമ്മർദത്തിലാക്കി സച്ചിൻ പൈലറ്റിന്റെ നിരാഹാര സമരം

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ വീണ്ടും പരസ്യ പോരുമായി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് രംഗത്തെത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് ട്വിറ്റർ. അഴിമതിക്കെതിരെ ചൊവ്വാഴ്ച ഏകദിന നിരാഹാര സമരം നടത്തുമെന്ന് സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ചു. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുൻ ബി.ജെ.പി സർക്കാരിന്റെ അഴിമതിക്കെതിരെ അശോക് ഗെഹ്‌ലോട്ട് സർക്കാർ നടപടിയെടുക്കണമെന്നാണ് ആവശ്യം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് സർക്കാർ പാലിക്കണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. ലഹരി മാഫിയ, അനധികൃത ഖനനം, ഭൂമി കയ്യേറ്റം എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി.

വസുന്ധരരാജെ സിന്ധ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗെഹ്‌ലോട്ടിന്റെ പഴയ വീഡിയോ സച്ചിൻ പൈലറ്റ് വാർത്താസമ്മേളനത്തിൽ കാണിച്ചു. എന്തുകൊണ്ട് ഗെഹ്‌ലോട്ട് ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തിയില്ലെന്നും സച്ചിൻ പൈലറ്റ് ചോദിച്ചു. മുൻ ബി.ജെ.പി സർക്കാരിനെതിരെ കോൺഗ്രസ് സർക്കാരിന്റെ പക്കൽ തെളിവുകൾ ഉണ്ടെന്നും എന്നിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു.


ഓസ്‌കർ തിളക്കത്തിലെ ബൊമ്മൻ - ബെള്ളി ദമ്പതികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഓസ്‌കർ നേടിയ 'ദി എലിഫൻറ് വിസ്പറേസ്' ഡോക്യുമെന്ററിയിലെ രഘു എന്ന കുട്ടിയാനയുടെ വളർത്തു പാപ്പാന്മാരായ ബൊമ്മൻ ഭാര്യ ബെള്ളി എന്നിവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു സംബന്ധിച്ച വാർത്തകളും ചിത്രങ്ങളും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. മുതുമല കടുവ സങ്കേതം ആന വളർത്ത് ക്യാമ്പിലെത്തിയപ്പോഴാണ് പാപ്പാൻ ദമ്പതിമാരെ പ്രധാനമന്ത്രി കണ്ടത്. ഇരുവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കുശലം പറയുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.


ഉയിർപ്പിന്റെ സ്മരണയിൽ ഈസ്റ്റർ ആഘോഷം

ഉയിർപ്പിന്റെ സ്മരണയിൽ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിച്ചു. കുരിശിലേറിയ യേശുക്രിസ്തു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി നിരവധി ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകളും പാതിരാ കുർബാനയും നടന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള നിരവധി ലോകനേതാക്കൾ ഈസ്റ്റർ ദിനാശംസകൾ നേർന്ന് രംഗത്തെത്തി.


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News