Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: മകനും എംഎൽഎയുമായ തേജ്പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്ന് പുറത്താക്കി ലാലു പ്രസാദ് യാദവ്. ആറ് വർഷത്തേക്കാണ് നടപടി. തേജ് പ്രതാപിന്റെ പെരുമാറ്റം കുടുംബമൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹത്തിന് കുടുംബത്തിൽ സ്ഥാനമുണ്ടാകില്ലെന്നും ലാലുപ്രസാദ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലാലു പ്രസാദ് യാദവിന്റെ നിർണായക നീക്കം. കഴിഞ്ഞ ദിവസം തേജ് പ്രതാപ് യാദവ് അനുഷ്‍ക യാദവുമായുള്ള ദീർഘകാല ബന്ധത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതിനായി ഫോട്ടോകൾ എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് ലാലു നടപടിയുമായി രംഗത്തെത്തിയത്.
'വ്യക്തിജീവിതത്തിൽ ധാർമ്മിക മൂല്യങ്ങളെ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു. മൂത്ത മകന്റെ ചെയ്തികളും പൊതുജീവിതത്തിലെ ഉത്തരവാദിത്തമില്ലായ്മയും നമ്മുടെ കുടുംബമൂല്യങ്ങൾക്കും സംസ്കാരത്തിനും നിരക്കുന്നതല്ല. അതിനാൽ, മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ കാരണം, ഞാൻ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു. ഇനി മുതൽ, പാർട്ടിയിലും കുടുംബത്തിലും അവന് യാതൊരു സ്ഥാനവും ഉണ്ടായിരിക്കുന്നതല്ല. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 6 വർഷത്തേക്ക് അവനെ പുറത്താക്കിയിരിക്കുന്നു'-ലാലു പ്രസാദ് യാദവ് എക്സിൽ കുറിച്ചു.