'മാപ്പ് പറയണം, അല്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകും': സല്‍മാന്‍ ഖാന് അധോലോക നേതാവിന്‍റെ ഭീഷണി

സിദ്ധുമൂസെവാല വധക്കേസ് പ്രതി ലോറന്‍സ് ബിഷ്ണോയിയാണ് ഭീഷണി മുഴക്കിയത്

Update: 2023-03-16 03:16 GMT
Advertising

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ അധോലോക നേതാവിന്‍റെ ഭീഷണി. പഞ്ചാബിലെ ബതിന്ദ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിയാണ് ഭീഷണി മുഴക്കിയത്. കൃ​ഷ്​​ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി കൊ​ന്ന സം​ഭ​വ​ത്തി​ൽ സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍റെ സുരക്ഷ ശക്തമാക്കി.

എബിപി ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് ബിഷ്ണോയ് സല്‍മാനെതിരെ പരാമര്‍ശം നടത്തിയത്. സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ തന്‍റെ ബിഷ്ണോയി സമുദായം രോഷാകുലരാണെന്നാണ് ലോറന്‍സ് പറഞ്ഞത്. ബിഷ്ണോയി സമുദായം കൃഷ്ണമൃഗത്തെ ആദരിക്കുന്നു. തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സല്‍മാന്‍ മാപ്പ് പറയണമെന്നും ലോറന്‍സ് ആവശ്യപ്പെട്ടു.

"ഞങ്ങളുടെ സമൂഹത്തിന് സൽമാൻ ഖാനോട് ദേഷ്യമുണ്ട്. സല്‍മാന്‍ എന്‍റെ സമൂഹത്തെ അപമാനിച്ചു. സല്‍മാനെതിരെ കേസെടുത്തെങ്കിലും മാപ്പ് പറഞ്ഞില്ല. ക്ഷമാപണം നടത്തിയില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകുക. ഞാൻ മറ്റാരെയും ആശ്രയിക്കില്ല"- ലോറന്‍സ് ബിഷ്‌ണോയ് പറഞ്ഞു.

1998ലാണ് ലോറന്‍സ് പരാമര്‍ശിച്ച സംഭവമുണ്ടായത്. ഹം സാത്ത് സാത്ത് ഹെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയ സല്‍മാന്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്. വന്യജീവി സംരക്ഷണ നിയമം, ആയുധ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. 2018ല്‍ ജോധ്പൂര്‍ കോടതി സല്‍മാന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു. പിന്നീട് ജാമ്യം ലഭിച്ചു.

പഞ്ചാബി പോപ്പ് ഗായകന്‍ സിദ്ധുമൂസെവാലയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ലോറന്‍സ് ബിഷ്ണോയി. എന്നാല്‍ ഈ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ലോറന്‍സ് അവകാശപ്പെട്ടു. സല്‍മാന്‍ ഖാനും പിതാവിനും സിദ്ധുമൂസെവാലയുടെ ഗതി വരും എന്ന അജ്ഞാത ഭീഷണി സന്ദേശം കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ നല്‍കി.

അതേസമയം ലോറന്‍സ് ബിഷ്ണോയി ജയിലില്‍ വെച്ച് അഭിമുഖം നല്‍കിയ സംഭവത്തില്‍ ഭഗവന്ത് മന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് ബി.ജെ.പി രംഗത്തെത്തി. ജയിലില്‍ അധോലോക നേതാവിന് എങ്ങനെ ഫോണ്‍ ലഭിച്ചെന്നും എങ്ങനെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കഴിഞ്ഞെന്നുമാണ് ചോദ്യം. എന്നാല്‍ ജയിലില്‍ വെച്ച് അങ്ങനെയൊരു അഭിമുഖം റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. വിവിധ അന്വേഷണ ഏജന്‍സികള്‍ ലോറന്‍സിനെ ചോദ്യംചെയ്യാന്‍ കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും അപ്പോഴായിരിക്കാം അഭിമുഖമെടുത്തതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 

Summary- Gangster Lawrence Bishnoi warned Salman Khan of consequences if he did not apologise for killing endangered blackbucks in 1998.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News