'അവധി റദ്ദാക്കി, ജാഗ്രത പാലിക്കുക': രാജ് താക്കറെയുടെ ഭീഷണി നേരിടാന്‍ മഹാരാഷ്ട്ര പൊലീസിന് നിര്‍ദേശം

ക്രമസമാധാനം സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഡി.ജി.പി

Update: 2022-05-03 16:36 GMT

മുംബൈ: മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കണമെന്ന എം.എന്‍.എസ് നേതാവ് രാജ് താക്കറെയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെ തയ്യാറായിരിക്കാന്‍ മഹാരാഷ്ട്ര പൊലീസിന് നിര്‍ദേശം. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഡി.ജി.പി രജ്നിഷ് സേഠ് പറഞ്ഞു.

"ഏതു ക്രമസമാധാന സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണ്. സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കി. 87 കമ്പനി സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിനെയും (എസ്.ആർ.പി.എഫ്) 30,000 ഹോം ഗാർഡുകളെയും സംസ്ഥാനത്താകെ വിന്യസിച്ചിട്ടുണ്ട്. ആരും നിയമം കൈയിൽ എടുക്കരുത്. സമാധാനം നിലനിർത്തണം"- രാജ്നിഷ് സേഠ് വിശദീകരിച്ചു.

Advertising
Advertising

മെയ് മൂന്നിനകം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്നായിരുന്നു ഉദ്ധവ് സര്‍ക്കാരിന് രാജ് താക്കറെയുടെ 'അന്ത്യശാസനം'. മെയ് 3ന് ചെറിയ പെരുന്നാളായതിനാല്‍ മെയ് 4 എന്ന പുതിയ തിയ്യതി പ്രഖ്യാപിച്ചു.

"ചെറിയ പെരുന്നാള്‍ മെയ് 3നാണ്. ആഘോഷങ്ങൾ നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മെയ് നാലിന് ശേഷം ഞങ്ങൾ കേൾക്കില്ല. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇരട്ടി ശക്തിയോടെ ഞങ്ങൾ ഹനുമാൻ ചാലിസ ചൊല്ലും. ഞങ്ങളുടെ അഭ്യർഥന നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ, ഞങ്ങൾ അത് ഞങ്ങളുടെ രീതിയിൽ കൈകാര്യം ചെയ്യും. മെയ് 4 മുതൽ ഞാൻ നിശബ്ദനായിരിക്കാന്‍ പോകുന്നില്ല. അതിനകം ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ, ഞങ്ങൾ മഹാരാഷ്ട്രയുടെ ശക്തി കാണിച്ചുതരും"- എന്നാണ് രാജ് താക്കറെയുടെ ഭീഷണി.

"ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ സംഭവിക്കാന്‍ പോകുന്നതിന് ഞങ്ങൾ ഉത്തരവാദികളായിരിക്കില്ല. ഇത് മതപരമായ വിഷയമല്ല, സാമൂഹിക വിഷയമാണെന്ന് ഞാൻ ആവർത്തിക്കുന്നു. എന്നാൽ നിങ്ങൾ ഇത് ഒരു മതപരമായ വിഷയമാക്കിയാൽ ഞങ്ങൾ സമാനമായ രീതിയിൽ പ്രതികരിക്കും"- രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.

ഔറംഗബാദിലെ പ്രകോപന പ്രസംഗത്തിൽ രാജ് താക്കറെയ്ക്ക് എതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവം പ്രകോപനം സൃഷ്ടിച്ചു, ജനങ്ങളെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് രാജ് താക്കറെക്കെതിരെ ചുമത്തിയത്. ഐ.പി.സിയിലെ സെക്ഷന്‍ 153 പ്രകാരമാണ് രാജ് താക്കറെക്കെതിരെ കേസെടുത്തത്. ഔറംഗബാദിലെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News