' എങ്കിൽ ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ' : അമിത് ഷായുടെ 'ഹിന്ദി ശത്രുവല്ല' പരാമർശത്തിനെതിരെ കനിമൊഴി

ഹിന്ദി ഒരു ഇന്ത്യൻ ഭാഷയുടെയും എതിരാളിയല്ല, മറിച്ച് എല്ലാവരുടെയും സുഹൃത്താണെന്ന് അമിത് ഷാ പറഞ്ഞിരുന്നു

Update: 2025-06-28 10:25 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തോടെ ഭാഷാ ചർച്ച കൂടുതൽ ശക്തമാവുകയാണ്. ഇതിനെതിരെ ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തുകയും ചെയ്തു. ഹിന്ദി ശത്രുവല്ലെങ്കിൽ ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദി ഒരു ഇന്ത്യൻ ഭാഷയുടെയും എതിരാളിയല്ല, മറിച്ച് എല്ലാവരുടെയും സുഹൃത്താണെന്നും രാജ്യത്ത് ഒരു ഭാഷയ്ക്കും എതിരെ എതിർപ്പ് ഉണ്ടാകരുതെന്നും ഷാ അടുത്തിടെ പറഞ്ഞു. "ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെങ്കിൽ, തമിഴും ഒരു ഭാഷയുടെയും ശത്രുവല്ല. അവർ തമിഴ് പഠിക്കട്ടെ. വടക്കേ ഇന്ത്യയിലെ ജനങ്ങൾ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യൻ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാർത്ഥ ദേശീയോദ്ഗ്രഥനം," കനിമൊഴി ചൂണ്ടിക്കാട്ടി. "ഞങ്ങൾ ആരുടേയും ശത്രുക്കളല്ല. ഞങ്ങൾ എല്ലാവരുടെയും സുഹൃത്തുക്കളാണ്. ഞങ്ങളുടെ ഭാഷയും പഠിക്കൂ" എന്ന് ഡിഎംകെ നേതാവ് ഊന്നിപ്പറഞ്ഞു. എന്നാൽ പ്രസ്താവനക്കിടെ എംപി അമിത് ഷായുടെ പേര് പരാമര്‍ശിച്ചില്ല.

Advertising
Advertising

ഭാഷാ വകുപ്പിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അമിത് ഷാ ഹിന്ദിയെ പിന്തുണച്ച് രംഗത്തെത്തിയത്. ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ഭാഷ ഉപയോഗിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാല്‍, നമ്മുടെ ഭാഷകള്‍ സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രമിക്കണം. നമ്മുടെ ഭാഷയില്‍ ചിന്തിക്കുകയും വേണം. സ്വന്തം ഭാഷയില്‍ സംസാരിക്കാതെയും അഭിമാനിക്കാതെയും അടിമത്ത മനോഭാവത്തില്‍നിന്നും പുറത്തുവരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന അമിത് ഷായുടെ പരാമര്‍ശം വിവാദമായിരുന്നു. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് സര്‍ക്കാര്‍ ഭാഷ ഹിന്ദിയാക്കേണ്ടത് അത്യാവശ്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം അഥവാ എന്‍ഇപിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ത്രിഭാഷാ നയത്തിനെതിരാണ് സ്റ്റാലിൻ സര്‍ക്കാര്‍. ബിജെപി ഒഴികെയുള്ള തമിഴ്‌നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരാണ്. പുതിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കിയ നടന്‍ വിജയ് കൂടി ഹിന്ദി വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. 2020 ലെ ദേശീയ പാഠ്യ ക്രമം അഥവാ എന്‍ഇപി നടപ്പാക്കിയില്ലെങ്കില്‍ തമിഴ്‌നാടിന് സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലുള്ള കേന്ദ്രഫണ്ട് ലഭിക്കുകയില്ല എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ പ്രഖ്യാപനത്തോടെയാണ് ഹിന്ദി-തമിഴ് പോരിന് മൂര്‍ച്ച കൂടിയത്. എന്‍ഇപി ഒക്കെ നടപ്പിലാക്കാം, പക്ഷേ ത്രിഭാഷ രീതി വേണ്ട ദ്വിഭാഷ തന്നെ മതി എന്നതായിരുന്നു തമിഴ്‌നാടിന്‍റെ നിലപാട്.

ഭാഷാപഠന പദ്ധതിയിൽ മൂന്ന് ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് 1968ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപം കൊടുത്തതാണ്​ ത്രിഭാഷാ പദ്ധതി. പഠനപദ്ധതിയിൽ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദി സംസാരിക്കാത്തയിടങ്ങളിൽ ഹിന്ദിയും ഹിന്ദി സംസാരിക്കുന്നയിടങ്ങളിൽ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്​. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News