കനത്ത ജാഗ്രതയ്ക്കിടെ ഡൽഹിയിൽ ഉഗ്രശബ്ദം; ബസിന്റെ ടയർ പൊട്ടിയതെന്ന് കണ്ടെത്തൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹിപാൽപുർ പ്രദേശത്താണ് ഒരുവേള ആശങ്കയ്ക്കിടയായ സംഭവം നടന്നത്

Update: 2025-11-13 09:18 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ക്കിടെ ജനങ്ങളെ പരിഭ്രാന്തരാക്കി ഡല്‍ഹിയില്‍ ഉഗ്രശബ്ദം. സന്ദേശം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാ സേനയും പൊലീസുമടക്കമുള്ളവർ സ്ഥലത്തെത്തുകയും ചെയ്തു. എന്നാലത് ഡൽഹി ട്രാൻസ്​പോർട്ട് കോർപറേഷൻ ബസുകളിലൊന്നിന്റെ ടയർ പൊട്ടിയതായിരുന്നു.

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹിപാൽപുർ പ്രദേശത്താണ് ഒരുവേള ആശങ്കയ്ക്കിടയായ സംഭവം നടന്നത്. മഹിപാൽപുരിലെ റാഡിസൺ ഹോട്ടലിന് സമീപം സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി രാവിലെ 9.19-നാണ് അധികൃതർക്ക് ഒരു ഫോൺ കോൾ ലഭിച്ചത്. പിന്നാലെ ബന്ധപ്പെട്ടവര്‍ സ്ഥലത്ത് എത്തുകയും ചെയ്തു.

Advertising
Advertising

വിശദ പരിശോധനയ്ക്ക് ശേഷം സംശയാസ്പദമായ പ്രവർത്തനങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ധൗല കുവാനിലേക്ക് പോവുകയായിരുന്ന ഒരു ഡിടിസി ബസിന്റെ(ഡൽഹി ട്രാൻസ്​പോർട്ട് കോർപറേഷൻ) പിൻഭാഗത്തെ ടയർ പൊട്ടിയതാണ് ഈ ഉച്ചത്തിലുള്ള ശബ്ദത്തിന് കാരണമെന്ന് ഒരു സുരക്ഷാ ജീവനക്കാരൻ അറിയിച്ചു.  നിലവിൽ സാഹചര്യം സാധാരണ നിലയിലാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (സൗത്ത് വെസ്റ്റ്) അമിത് ഗോയൽ വ്യക്തമാക്കി.

ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നാലെ, അതീവ ജാഗ്രതയിലാണ് രാജ്യം. വിവിധയിടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അതേസമയം സ്ഫോടനത്തിൽ എന്‍ഐഎ അന്വേഷണം ഊർജിതമാക്കി. പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. ഡൽഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാലാണ് മരിച്ചത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News