ലുലു മാളിനകത്ത് സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമം: മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

മാളിന്‍റെ പ്രവേശന കവാടത്തിനടുത്ത് വെച്ചാണ് ഹിന്ദു സമാജ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയത്

Update: 2022-07-16 04:55 GMT
Editor : ijas
Advertising

ലഖ്നൗ: ലുലു മാളിനകത്ത് രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ച മൂന്ന് പേർ കസ്റ്റഡിയിൽ. ഹിന്ദു സമാജ് പാര്‍ട്ടി പ്രവർത്തകരാണ് പിടിയിലായത്. മാളിന്‍റെ പ്രവേശന കവാടത്തിനടുത്ത് വെച്ചാണ് ഹിന്ദു സമാജ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയത്. മാളിൽ നമസ്കാരം നടത്തിയതിനെതിരെയാണ് സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ചത്. നിലവില്‍ പ്രദേശത്ത് സമാധാനപരമായ അന്തരീക്ഷമാണെന്ന് ലഖ്നൗ സൗത്ത് എ.ഡി.സി.പി രാജേഷ് ശ്രീവാസ്തവ അറിയിച്ചു.

അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ലുലു മാളില്‍ നമസ്കാരം നിര്‍വ്വഹിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നമസ്കാരം നിര്‍വ്വഹിക്കുന്ന വീഡിയോ വൈറലായതോടെ ലുലു മാളിനെതിരെ ഹിന്ദു മഹാസഭ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദുമഹാസഭയുടെ ഭീഷണി. 'മാളിൽ നമസ്‌കാരം തുടർന്നാൽ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കും. മാളിൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാൾ നിർമിക്കാൻ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധർമം ആചരിക്കുന്നവർ മാൾ ബഹിഷ്‌കരിക്കണം'- എന്നായിരുന്നു ഹിന്ദുമഹാസഭ ദേശീയ വക്താവ് ശിശിർ ചതുർവേദി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. അതെ സമയം ലുലു മാളിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

രണ്ടായിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച മാൾ തിങ്കളാഴ്ചയാണ് ആളുകൾക്കായി തുറന്നു കൊടുത്തത്. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാൾ. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിന്‍റെ സവിശേഷത. ഇത് കൂടാതെ ലുലു കണക്ട്, ലുലു ഫാഷൻ, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, 11 സ്‌ക്രീൻ സിനിമ, ഫുഡ് കോർട്ട്, മൂവായിരത്തിലധികം വാഹന പാർക്കിംഗ് സൗകര്യം എന്നിവ മാളിന്റെ സവിശേഷതകളാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News