ബലാത്സംഗക്കേസ് പ്രതിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ച് വനിതാ പൊലീസുകാർ
അനധികൃതമായി കൈയേറിയ ഭൂമിയിലാണ് ഇയാൾ വീട് നിർമിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
ഭോപ്പാൽ: ബലാത്സംഗ കേസ് പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് വനിതാ പൊലീസുകാർ. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളിൽ ഒരാളുടെ വീടാണ് ജെ.സി.ബിയുമായെത്തി വനിതാ പൊലീസുകാർ തകർത്തത്.
കേസിൽ മൂന്ന് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന നാലാം പ്രതി കൗശൽ കിശോർ ചൗബേയെ ഇന്ന് പിടികൂടി. അനധികൃതമായി കൈയേറിയ ഭൂമിയിലാണ് ഇയാൾ വീട് നിർമിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വീട് തകർത്തത്.
അതിക്രൂര കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും വനിതാ പൊലീസുകാർ ചെയ്തത് നല്ല കാര്യമാണെന്നും അന്വേഷണ സംഘത്തെ നയിക്കുന്ന ഓഫീസർ പറഞ്ഞു. ഇത്തരം ക്രൂരതകൾ ചെയ്യുന്നവർക്കെതിരെ ഇത്തരം ശിക്ഷാനടപടികൾ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
"പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാലാം പ്രതി കൗശൽ കിഷോർ ചൗബെ എന്നയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇയാൾ അനധികൃതമായി സർക്കാർ ഭൂമി കൈവശം വച്ചിരുന്നു".
"ഒരു കൂട്ടം വനിതാ ഉദ്യോഗസ്ഥരാണ് ബുൾഡോസർ പ്രവർത്തിപ്പിച്ചത്. വനിതാ ഉദ്യോഗസ്ഥർ മികച്ച രീതിയിൽ പ്രവർത്തിച്ചു. അത്തരം പ്രവർത്തനങ്ങൾ തുടരണം"- റാണെ പൊലീസ് സ്റ്റേഷൻ ഓഫീസർ പ്രഷിത കുർമി പറഞ്ഞു.
2022 സെപ്തംബറിൽ, രേവ കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വീടുകൾ അധികൃതർ തകർത്തിരുന്നു. സെപ്തംബർ 16ന് മധ്യപ്രദേശിലെ രേവ ജില്ലയിൽ പ്രശസ്തമായ അഷ്ടഭുജി ക്ഷേത്രത്തിന് സമീപമാണ് ഒരു പെൺകുട്ടിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്.
വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവരുടെ വീടുകൾ പൊളിക്കുന്ന നടപടികൾ മധ്യപ്രദേശ് ഉൾപ്പെടെയുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുടരുകയാണ്. വിവിധ കേസുകളിലെ പ്രതികളെ നിയമപരമായി ശിക്ഷിക്കാതെ അവരുടെ വീടുകൾ പൊളിക്കുന്ന നടപടിക്കെതിരെ ഒരു ഭാഗത്ത് ശക്തമായ വിമർശനം ഉയരുമ്പോൾ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഇത്തരം നടപടികളെ വാഴ്ത്തുകയാണ് മറ്റു ചിലർ.