'രാജസ്ഥാൻ മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് പുറത്തുവന്നു'; ഗെഹ്ലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി

''അഴിമതിക്കാരായ കോൺഗ്രസിനെ പുറത്താക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്''

Update: 2023-12-03 07:52 GMT
Editor : Lissy P | By : Web Desk
Advertising

ജയ്പൂർ: രാജസ്ഥാനിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോൾ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്.

'മാജിക്' അവസാനിച്ചു, രാജസ്ഥാൻ മാന്ത്രികന്റെ മന്ത്രശക്തിയിൽ നിന്ന് പുറത്തുവന്നു. സ്ത്രീകളുടെ അഭിമാനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 'കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ല. അഴിമതിക്കാരായ കോൺഗ്രസിനെ പുറത്താക്കാനാണ് അവർ വോട്ട് ചെയ്തത്. ഷെഖാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജാലവിദ്യക്കാരുടെ കുടുംബത്തിലാണ് അശോക് ഗെഹ്ലോട്ട് ജനിച്ചത്.  

അതേസമയം, വോട്ടെണ്ണല്‍ അഞ്ചുമണിക്കൂര്‍ പിന്നിടുമ്പോൾ രാജസ്ഥാനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ  114  സീറ്റുകളില്‍ മുന്നേറുകയാണ്.കോണ്‍ഗ്രസാകട്ടെ 70 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം.

അഞ്ചു വർഷം കൊണ്ട് ഭരണം മാറുന്ന പതിവു ശൈലി പറഞ്ഞ് പ്രതിരോധിക്കാമെങ്കിലും അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത രാജസ്ഥാൻ ഫലത്തെ കാര്യമായി സ്വാധീനിച്ചു. താരപ്രചാരകനായ രാഹുൽ ഗാന്ധി പോലും രാജസ്ഥാനിലെ പ്രചാരണത്തിൽ സജീവമായിരുന്നില്ല. അവസാനഘട്ടത്തിലാണ് രാഹുൽ രാജസ്ഥാനിലെത്തിയത്. ഭൂരിപക്ഷം കിട്ടിയാൽ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന ഗെലോട്ടിന്റെ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.ഇതിനിടയിൽ ഇരുനേതാക്കളും ഒന്നിച്ച് പ്രചാരണത്തിനിറങ്ങാൻ പോലും തയ്യാറാകാത്തതും വോട്ടർമാരെ സ്വാധീനിച്ചു. കഴിഞ്ഞ തവണ അരലക്ഷത്തിൽപ്പരം വോട്ടിന് ജയിച്ച ടോങ്കിൽ മുന്‍ ഉപമുഖ്യമന്ത്രിയായ  സച്ചിൻ പൈലറ്റ് ഇത്തവണ നന്നായി വിയർക്കുന്ന കാഴ്ചക്കും ഈ തെരഞ്ഞെടുപ്പ് സാക്ഷിയായി. 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News