ഇത് ആത്മാഭിമാന പോരാട്ടം, പാര്‍ലമെന്‍റിന് മുന്നില്‍ മഹാപഞ്ചായത്ത് നടത്തും: ബജ്‌റംഗ് പുനിയ

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയ ആനി രാജ ഉള്‍പ്പെടെയുള്ള ദേശീയ മഹിളാ ഫെഡറേഷന്‍ നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി

Update: 2023-05-28 05:26 GMT

Bajrang Punia

Advertising

ഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച ഗുസ്തി താരങ്ങളെ തടഞ്ഞ് ഡല്‍ഹി പൊലീസ്. താരങ്ങളെ ജന്തര്‍മന്തറില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിച്ചില്ല. ഇത് ആത്മാഭിമാനത്തിനായുള്ള പോരാട്ടമാണെന്നും മഹാപഞ്ചായത്ത് നടത്തുമെന്നും ഗുസ്തിതാരം ബജ്‌റംഗ് പുനിയ പറഞ്ഞു.

"മഹാപഞ്ചായത്ത് എന്തായാലും നടത്തും. ഞങ്ങൾ ഞങ്ങളുടെ ആത്മാഭിമാനത്തിന് വേണ്ടി പോരാടുകയാണ്. അവർ ഇന്ന് പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു. പക്ഷെ രാജ്യത്ത് ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നു"- ബജ്‌റംഗ് പുനിയ പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയ ആനി രാജ ഉള്‍പ്പെടെയുള്ള ദേശീയ മഹിളാ ഫെഡറേഷന്‍ നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി. പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അംഗങ്ങളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു.

ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും ജന്തർമന്തറിലും പൊലീസിനെ വിന്യസിച്ചു. അതിർത്തിയില്‍ വാഹനങ്ങൾ പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്. ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായെത്തുന്ന കർഷകരെ തിരിച്ചയക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

പാർലമെന്‍റിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷ ശക്തമാക്കി. സമരത്തിനു പിന്തുണയുമായെത്തിയ സ്ത്രീകൾ തങ്ങിയ അംബാലയിലെ ഗുരുദ്വാരയിൽ പൊലീസ് പരിശോധന നടത്തി ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

അതിനിടെ പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. അതേസമയം പാർലമെന്റ് ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News