ലവ്​ ജിഹാദ്​: നിയമനിർമാണത്തിന്​ മഹാരാഷ്ട്ര, കമ്മിറ്റി രൂപീകരിച്ചു

വിമർശനവുമായി പ്രതിപക്ഷം

Update: 2025-02-15 10:00 GMT

മുംബൈ: ലവ്​ ജിഹാദുമായി ബന്ധപ്പെട്ട്​ നിയമം നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഇതിന്‍റെ നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ഡിജിപിയടക്കം ഏഴുപേരാണ്​ കമ്മിറ്റിയിൽ ഉണ്ടാവുക. വനിതാ ശിശുക്ഷേമ വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നിയമ-നീതിന്യായ വകുപ്പ്, സാമൂഹിക നീതി, പ്രത്യേക സഹായ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് മറ്റു അംഗങ്ങൾ.

വെള്ളിയാഴ്ച വൈകുന്നേരമാണ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഹേമന്ത് മഹാജൻ വിജ്ഞാപനത്തിൽ ഒപ്പുവച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക്​ പിന്നാലെയാണ്​ പുതിയ നീക്കം.

Advertising
Advertising

‘ലവ് ജിഹാദും നിർബന്ധിത മതപരിവർത്തനവും തടയാൻ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ, വിവിധ സംഘടനകൾ, പൗരന്മാർ എന്നിവർ സംസ്ഥാന സർക്കാരിന് നിവേദനങ്ങൾ നൽകിയിരുന്നു. ചില സംസ്ഥാനങ്ങൾ ഇതിനകം നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം പഠിക്കാനും ലവ് ജിഹാദ്, നിർബന്ധിത മതപരിവർത്തനങ്ങൾ, വഞ്ചനയിലൂടെയുള്ള മതപരിവർത്തനങ്ങൾ എന്നിവ തടയാനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനുമായി ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്’ -സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

അതേസമയം, ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. തീരുമാനം ഏകപക്ഷീയമാണെന്നും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമാണെന്നും മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി പ്രസിഡന്‍റ്​ അബു അസിം ആസ്മി പറഞ്ഞു. ‘ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല. അവർക്ക് ഇഷ്ടമുള്ള നിയമം ഉണ്ടാക്കാം. മുസ്​ലിം ആൺകുട്ടികളും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ട്​. മുസ്​ലിം പെൺകുട്ടികൾ ഹിന്ദുക്കളെ വിവാഹം കഴിക്കുന്നുണ്ട്​. ഇതിനുള്ള അവകാശം ഭരണഘടന നൽകുന്നു. അവർ അതിനനുസരിച്ച്​ ഇഷ്ടം പോലെ ചെയ്യുന്നു. നമുക്ക് അതിൽ എന്തുചെയ്യാൻ കഴിയും?’ -അബു അസിം ചോദിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News