'തമിഴ്നാടുമായി താരതമ്യം ചെയ്യണ്ട, നിങ്ങളെപ്പോലെ മഹാരാഷ്ട്ര ഹിന്ദിക്കെതിരല്ല'; സ്റ്റാലിന് സഞ്ജയ് റാവത്തിന്‍റെ മറുപടി

ഹിന്ദി സിനിമകൾ, ഹിന്ദി നാടകങ്ങൾ, ഹിന്ദി സംഗീതം എന്നിവ ഇവിടെയുള്ളതിനാൽ ആരും ഹിന്ദിയിൽ സംസാരിക്കുന്നത് ഞങ്ങൾ തടഞ്ഞിട്ടില്ല

Update: 2025-07-07 06:43 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: ത്രിഭാഷാ നയത്തെക്കുറിച്ചുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ തീരുമാനം ഹിന്ദിക്കെതിരായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതിന്‍റെ ഭാഗമായി താക്കറെ സഹോദരൻമാര്‍ ഒരുമിച്ച് ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് റാവത്തിന്‍റെ പ്രതികരണം.

"ഹിന്ദി അടിച്ചേൽപ്പിക്കലിനെ പരാജയപ്പെടുത്താൻ ദ്രാവിഡ മുന്നേറ്റ കഴകവും തമിഴ്‌നാട്ടിലെ ജനങ്ങളും തലമുറകളായി നടത്തിയ ഭാഷാ അവകാശ പോരാട്ടം ഇപ്പോൾ സംസ്ഥാന അതിർത്തികൾ കടന്ന് മഹാരാഷ്ട്രയിൽ പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. അങ്ങനെ, ഹിന്ദി വിരുദ്ധ പോരാട്ടം തമിഴ്‌നാടിനെയും മഹാരാഷ്ട്രയെയും ഒന്നിപ്പിക്കുന്നു.'' എന്നാണ് സ്റ്റാലിൻ എക്സിൽ കുറിച്ചത്. "ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ സഹോദരൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന വിജയ റാലിയുടെ ആവേശവും ശക്തമായ പ്രസംഗവും ഞങ്ങളെ വളരെയധികം ആവേശം കൊള്ളിക്കുന്നു," എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു റാവത്ത്.

Advertising
Advertising

"ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ അവരുടെ നിലപാട് അവർ ഹിന്ദി സംസാരിക്കില്ല എന്നാണ്, ആരെയും ഹിന്ദി സംസാരിക്കാൻ അനുവദിക്കില്ല എന്നാണ്. എന്നാൽ മഹാരാഷ്ട്രയിൽ ഞങ്ങളുടെ നിലപാട് അതല്ല. ഞങ്ങൾ ഹിന്ദി സംസാരിക്കുന്നു... പ്രൈമറി സ്കൂളുകളിൽ ഹിന്ദിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത് അനുവദിക്കില്ല എന്നതാണ് ഞങ്ങളുടെ നിലപാട്. ഞങ്ങളുടെ പോരാട്ടം ഇതിൽ മാത്രം ഒതുങ്ങുന്നു." എന്നാണ് റാവത്ത് പറഞ്ഞത്. മഹാരാഷ്ട്ര സർക്കാരിന്‍റെ എതിർപ്പ് പ്രൈമറി സ്കൂൾ തലത്തിൽ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ മാത്രമാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു, "ഹിന്ദി സിനിമകൾ, ഹിന്ദി നാടകങ്ങൾ, ഹിന്ദി സംഗീതം എന്നിവ ഇവിടെയുള്ളതിനാൽ ആരും ഹിന്ദിയിൽ സംസാരിക്കുന്നത് ഞങ്ങൾ തടഞ്ഞിട്ടില്ല... പ്രാഥമിക വിദ്യാഭ്യാസത്തിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ മാത്രമാണ് ഞങ്ങളുടെ പോരാട്ടം." അദ്ദേഹം മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ത്രിഭാഷാ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ ഹിന്ദി നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിൻമാറിയത്. ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധമായും മൂന്നാം ഭാഷയായി പഠിക്കണമെന്നുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത് ഏപ്രിൽ 14നായിരുന്നു. സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഈ വ്യവസ്ഥ സംസ്ഥാന സ്‌കൂൾ കരിക്കുലം ഫ്രെയിം വർക്ക് 2024ൽ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ ശിവസേന ഉദ്ധവ് പക്ഷവും മഹാരാഷ്ട്ര നവനിർമാൺ സേനയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരുന്നു.വിമർശനത്തിന് പിന്നാലെയാണ് ‘നിർബന്ധിതം’ എന്ന പദം സർക്കാർ നീക്കിയത്. നിർബന്ധിതമായി ഹിന്ദി പഠിക്കേണ്ടതില്ലെന്നും ഓപ്ഷണൽ വിഷയമായി പഠിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News