വിമാനയാത്രാ നിയമത്തിൽ വലിയ മാറ്റങ്ങൾ വരുന്നു
ഈ വസ്തു കൈയ്യിൽ കരുതുന്നതിന് നിയന്ത്രണം വന്നേക്കാം
കോഴിക്കോട്: തിരക്ക് പിടിച്ച ജീവിതത്തിൽ എല്ലാവരും ആശ്രയിക്കുന്ന വസ്തുവാണ് പവർബാങ്കുകൾ. യാത്രയിൽ മൊബൈലിന്റെ ചാർജ് തീർന്നാൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധിക്കുള്ള പരിഹാരമാണ് പവർബാങ്കുകൾ. എന്നാൽ, പവർ ബാങ്കുകൾക്ക് വിമാനയാത്രയിൽ നിയന്ത്രണങ്ങൾ വന്നേക്കും എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. യാത്രക്കാർ പവർ ബാങ്കുകൾ കൈയ്യിൽ കരുതുന്നതിന് ഏത് രീതിയിലുള്ള നിയന്ത്രണം കൊണ്ടുവരണം എന്ന കാര്യം ഡിജിസിഎ പരിശോധിക്കുകയാണ്. ആഗോളരീതികൾ പരിശോധിച്ചതിന് ശേഷമായിരിക്കും ഡിജിസിഎ തീരുമാനമെടുക്കുക.
അടുത്തയിടെയായിട്ട് ലിഥിയം ബാറ്ററികൾക്ക് തീപിടിക്കുന്ന സംഭവങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. അടുത്തയിടെ ഡൽഹി എയർപോർട്ടിൽ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ പവർബാങ്കിന് തീപിടിച്ചിരുന്നു.വിദേശത്തും സമാനമായ രീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ നിരവധി വിമാനക്കമ്പനികൾ പവർ ബാങ്ക് കൈയ്യിൽ കരുതി യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ വിമാനത്തിനകത്ത് ചാർജ് ചാർജ് ചെയ്യുന്നതിന് എമിറേറ്റ്‌സ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾ കൈയ്യിൽ കരുതാമെങ്കിലും സ്വിച്ച് ഓഫ് ചെയ്ത് മാത്രമേ കൈയ്യിൽ കരുതാവൂ.
പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ഡിജിസിഎ സമാനമായ രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങൾ കൊണ്ടുവരുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്. എത്ര പവർ ബാങ്കുകൾ കൈയ്യിൽ കരുതാനാവും കൈവശമുള്ള പവർ ബാങ്കുകളുടെ ശേഷി, പവർ ബാങ്കുകൾ എവിടെ എപ്രകാരം സൂക്ഷിക്കണം എന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ഡിജിസിഎ ആലോചിക്കുന്നത്.