'കഴിഞ്ഞ ഏതാനും വർഷം കൊണ്ടാണ് ഈ നേട്ടങ്ങള്‍ ഉണ്ടായതെന്നാണ് ചിലരുടെ തെറ്റിദ്ധാരണ'; മോദിക്ക് പരോക്ഷ മറുപടിയുമായി മല്ലികാർജുൻ ഖാർഗെ

രാജ്യനിർമാണത്തിന് മുൻ പ്രധാനമന്ത്രിമാരുടെ സംഭാവനകൾ ഉയർത്തിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ സ്വാതന്ത്ര്യദിന സന്ദേശം

Update: 2023-08-15 06:22 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ ഏതാനും വർഷം കൊണ്ടാണ് രാജ്യത്ത് ഈ നേട്ടങ്ങൾ ഉണ്ടായത് എന്ന് ചിലർ തെറ്റിദ്ധരിക്കുന്നു. ഭരണ പരാജയങ്ങൾ മറച്ച് വെക്കാൻ പേരുകൾ മാറ്റുന്നെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഖാർഗെയുടെ വിമർശിച്ചു. രാജ്യനിർമാണത്തിന് മുൻ പ്രധാനമന്ത്രിമാരുടെ സംഭാവനകൾ ഉയർത്തിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ  സ്വാതന്ത്ര്യദിന സന്ദേശം.

'അടൽ ബിഹാരി വാജ്പേയ് ഉൾപ്പെടെയുള്ള എല്ലാ പ്രധാനമന്ത്രിമാരും രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുകയും വികസനത്തിനായി നിരവധി നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജനാധിപത്യവും ഭരണഘടനയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണിയിലാണെന്ന് വേദനയോടെയാണ് ഞാൻ പറയുന്നത്. പുതിയ മാർഗങ്ങളുപയോഗിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് നോക്കുന്നത്. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി റെയ്ഡുകൾ എന്നിവക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുർബലപ്പെടുത്തുകയാണ്. പ്രതിപക്ഷ എംപിമാരുടെ വായ് മൂടിക്കെട്ടുന്നു,അവരെ സസ്പെൻഡ് ചെയ്യുന്നു, അവരുടെ മൈക്കുകൾ നിശബ്ദമാക്കുന്നു, പ്രസംഗങ്ങൾ നീക്കം ചെയ്യുന്നു...'വീഡിയോ സന്ദേശത്തിൽ ഖാർഗെ പറഞ്ഞു..

Advertising
Advertising

'മഹാന്മാരായ നേതാക്കൾ ഒരിക്കലും പഴയ ചരിത്രമൊന്നും മായ്ക്കാനോ പുതിയത് ഉണ്ടാക്കാനോ നോക്കിയിട്ടില്ല. എന്നാൽ ചിലർ എല്ലാത്തിന്റെയും പേരുകൾ മാറ്റി എഴുതുകയാണ്. ഏകാധിപത്യത്തിലൂടെ അവർ ജനാധിപത്യത്തെ വലിച്ചുകീറുകയാണ്. രാജ്യത്ത് സമാധാനം കൊണ്ടുവന്ന പല നിയമങ്ങളുടെയും പേരുകളും മാറ്റുകയാണ്. ആദ്യം അച്ഛാദിൻ വന്നു..പിന്നീട് അത് ന്യൂ ഇന്ത്യയായി, ഇപ്പോൾ അമൃത് കാലുമായി. സ്വന്തം വീഴ്ചകൾ മറക്കാനാണോ പേരുമാറ്റുന്നത്?' ഖാർഗെ ചോദിച്ചു.

 അതേസമയം, ചെങ്കോട്ടയിലെ ആഘോഷപരിപാടികൾക്ക് ഖാർഗെ എത്തിയിരുന്നില്ല. സുഖമില്ലാത്തത് കൊണ്ടാണ് ഖാര്‍ഗെ പങ്കെടുക്കാത്തത് എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിശദീകരണം.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News